
രണ്ട് അംഗങ്ങൾ കൂറുമാറി
മൂന്നാർ: ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരണം നടത്തിപ്പോന്ന യു.ഡി.എഫിന് സ്വന്തം പാർട്ടിക്കാരായ രണ്ടുപേരുടെ കൂറുമാറ്റത്തോടെ മൂന്നാർ പഞ്ചായത്ത് ഭരണം നഷ്ടമായി. എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ഇന്നലെ ചർച്ചയ്ക്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ കോൺഗ്രസിലെ പ്രസിഡന്റ് എം. മണിമൊഴി രാജിവയ്ക്കുകയും ഉച്ചകഴിഞ്ഞ് വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റ് മാർഷ് പീറ്റർ പുറത്താകുകയുമായിരുന്നു. കൂറുമാറിയ യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിന് എൽ.ഡി.എഫ് അംഗങ്ങളോടൊപ്പം എത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു.
21അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് പതിനൊന്നും എൽ.ഡി.എഫിന് പത്തുമായിരുന്നു കക്ഷിനില. അടുത്ത കാലത്തായി യു. ഡി. എഫിൽ പടലപ്പിണക്കങ്ങൾ പതിവായിരുന്നു. നടയാർ വാർഡ് അംഗം പ്രവീണയും പഴയമൂന്നാർ വാർഡ് അംഗം രാജേന്ദ്രനും എൽ.ഡി.എഫിനൊപ്പം ചേരുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇടത് മുന്നണി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. മുഴുവൻ അംഗങ്ങൾക്കും ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. രാജേന്ദ്രനും പ്രവീണയ്ക്കും വിപ്പ് നേരിട്ട് നൽകാൻ കഴിയാതിരുന്നതോടെ വീട്ടിൽ പതിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പ് പ്രസിഡന്റ് എം. മണിമൊഴി രാജിവച്ചു. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിന് എതിരായുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 12 പേരും ഹാജരായി. ഇവർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് പുറത്തായതായി വരണാധികാരിയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ ടോമി ജോസഫ് പ്രഖ്യാപിക്കുകയായിരുന്നു. മുപ്പത് വർഷം തുടർച്ചയായി യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയിരുന്ന പഞ്ചായത്ത് ഭരണമാണ് നഷ്ടമായത്.