
മുംബയ് : എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെയ്ക്കും കുടുംബത്തിനുമെതിരെ പരസ്യമായി നടത്തിയ പരാമർശങ്ങളിൽ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് മഹാരാഷ്‌ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്. മുതിർന്ന അഭിഭാഷകൻ അസ്പി ചിനോയ് മുഖേനയാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലം മാലിക് കോടതിയിൽ സമർപ്പിച്ചത്.
നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസിന് പിന്നാലെയാണ് വാങ്ക്ഡെയ്‌ക്കെതിരെ മാലിക് രംഗത്തെത്തിയത്. സമീർ വാങ്ക്ഡെയുടെ പിതാവ് നവാബ് മാലിക്കിനെതിരെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. കോടതി വിശദീകരണം ചോദിച്ചതോടെയാണ് മാലിക് മാപ്പ് പറഞ്ഞത്.