shahida-kamal

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസ് ലോകായുക്ത ഉത്തരവിറക്കാനായി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവിറങ്ങുമെന്ന് ലോകായുക്ത അധികൃതർ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുകളും ഷാഹിദ കമാലിന്റെ അഭിഭാഷകൻ ഹാജരാക്കി. പിന്നാലെയാണ് ഉത്തരവിറക്കാനായി മാറ്റിയത് . അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് 2016ൽ ബികോമും 2018ൽ എം.എയും പാസായ സർട്ടിഫിക്കറ്റുകളും മാർക്കു ലിസ്റ്റുമാണ് ഷാഹിദ ഹാജരാക്കിയത്. 2017ലാണ് ഷാഹിദ വനിതാ കമ്മീഷൻ അംഗമാകുന്നത്. ഷാഹിദയുടെ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സത്യസന്ധതയും ഏതു കാലയളവു ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചോദ്യം ചെയ്യുന്നതെന്നു ലോകായുക്ത ചോദിച്ചു. വനിതാ കമ്മീഷൻ അംഗമായതിനു ശേഷമുള്ള കാലയളവോ അതിനു മുൻപുള്ള കാലയളവോ എന്നാണ് വ്യക്തമാക്കാൻ നിർദേശിച്ചത്. എന്നാൽ, പരാതിക്കാരി അഖില ഖാൻ ഇതിൽ കൃത്യമായ മറുപടി നൽകിയില്ല. അഭിഭാഷകന്റെ സേവനം ഉപയോഗിക്കാനുള്ള കോടതി നിർദേശത്തിലും പരാതിക്കാരി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേത്തുടർന്നാണ് ഉത്തരവിറക്കാനായി കേസ് മാറ്റിവച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും ഷാഹിദ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് ആരോപണം . വിദ്യാഭ്യാസ യോഗ്യത വ്യാജമായത് കൊണ്ടാണ് യഥാർഥ രേഖകൾ കോടതിയിൽ ഹാജരാക്കാതെ പകർപ്പുകൾ ഹാജരാക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.