ansi-kabeer

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ച ദുരൂഹ കാറപകടക്കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലങ്ങൾ പിന്നീട് കോടതിക്ക് കൈമാറും. ഏഴ് പ്രതികളാണ് കേസിലുള്ളത്.

മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാനെ ഒന്നാം പ്രതിയാക്കും. മോഡലുകളുടെ കാറിനെ പിന്തുടർന്ന കൊല്ലം നെടുമ്പന നല്ലിലയിൽ എരുമപ്പാതി പണിപ്പുരവീട്ടിൽ സൈജു എം.തങ്കച്ചൻ രണ്ടാം പ്രതിയാകും. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടാണ് മൂന്നാംപ്രതി. ഹോട്ടൽ ജീവനക്കാരാണ് നാലുമുതൽ ഏഴുവരെ പ്രതികൾ. നവംബർ ഒന്നിന് ഇടപ്പള്ളി- വൈറ്രില ബൈപ്പാസിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. സൈജു ഔഡി കാറിൽ മോഡലുകളെ പിന്തുടർന്ന് ഹോട്ടലിൽ താമസിക്കാൻ നിർബന്ധിക്കുകയും വഴങ്ങാതെ വന്നതോടെ വീണ്ടും പിന്തുടർന്നതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.