vp-suhair

പനാജി: ഐ എസ് എല്ലിലെ ഇന്നത്തെ മത്സരത്തിൽ കേരളത്തിലെ ഫുട്ബാൾ താരങ്ങൾക്ക് സന്തോഷിക്കാൻ വലിയൊരു കാരണമുണ്ട്. ഒഡീഷയ്ക്കെതിരെ കളത്തിലിറങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി (എൻ ഇ യു എഫ് സി) ടീമിലെ അഞ്ച് പേർ മലയാളി താരങ്ങളാണ്. ഇതിൽ മൂന്ന് പേർ ആദ്യ ഇലവനിൽ സ്ഥാനം നേടിയപ്പോൾ ബാക്കി രണ്ട് പേർ ബെഞ്ചിലാണ്. ഗോൾകീപ്പർ മിർഷാദ് മിച്ചു, പ്രതിരോധനിര താരം മഷൂർ ഷെരീഫ്, മുന്നേറ്റനിരതാരം വി പി സുഹൈർ എന്നിവരാണ് ആദ്യ ഇലവനിൽ സ്ഥാനം നേടിയ താരങ്ങൾ. പ്രതിരോധ നിര താരവും മുൻ ഗോകുലം കേരള എഫ് സി ക്യാപ്ടനുമായ മുഹമ്മദ് ഇർഷാദ്, മദ്ധ്യനിര താരം ഗനി നിഗം എന്നിവരാണ് ബെഞ്ചിലുള്ള മലയാളി താരങ്ങൾ.

ഇതിൽ വി പി സുഹൈർ ഇതിനോടകം ഈ സീസണിൽ നാല് തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റും ഇതിനോടകം സ്വന്തം പേരിൽ കുറിച്ചുകഴിഞ്ഞ സുഹൈർ നോ‌ർത്ത് ഈസ്റ്റ് പരിശീലകൻ ഖാലിദ് ജമീലിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ്. നിലവിൽ കേരളാ ബ്‌ളാസ്റ്റേഴ്സിന് കീഴിൽ എട്ടാം സ്ഥാനത്താണ് പൊയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റിന്റെ സ്ഥാനം. ഐ എസ് എല്ലിൽ ഇന്ത്യക്കാരൻ മുഖ്യ പരിശീലകനായിട്ടുള്ള ഏക ടീമാണ് നോർത്ത് ഈസ്റ്റ് എഫ് സി.