
മുംബയ്: കപ്പലിലെ ലഹരിപാർട്ടി കേസിൽ തന്റെ ജാമ്യ വ്യവസ്ഥയിൽ കൂടുതൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് ആര്യൻ ഖാൻ. ബോളിവുഡിലെ താര രാജാവ് ഷാരൂഖ് ഖാന്റെ മകനായ ആര്യൻ എല്ലാ ആഴ്‌ചയും മുംബയ് സൗത്തിലുളള നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ നേരിട്ടെത്തണം എന്നതായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ.
എന്നാൽ ഇങ്ങനെ ഹാജരാകുമ്പോൾ മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ വലിയ പൊലീസ് അകമ്പടിയോടെ വരേണ്ടി വരുന്നതായും ഡൽഹിയിലെ എൻസിബി പ്രത്യേക അന്യേഷണ സംഘത്തിന് അന്വേഷണം കൈമാറിയ സ്ഥിതിയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്നാണ് ആര്യന്റെ അഭിഭാഷകർ ആവശ്യപ്പെടുന്നത്. ആര്യന്റെ ഹർജി അടുത്തയാഴ്‌ച ഹൈക്കോടതി പരിഗണിക്കും.
ഒക്‌ടോബർ രണ്ടിന് മുംബയിലെ കപ്പലിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്ത ആര്യനെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഒക്‌ടോബർ 28നാണ് ആര്യന് ജാമ്യം ലഭിച്ചത്. അന്ന് എൻസിബിയുടെ വാദങ്ങളെ കോടതി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ 14 വ്യവസ്ഥകളോടെയാണ് ആര്യൻ കോടതി ജാമ്യമനുവദിച്ചത്. മുംബയ് വിട്ടുപോകരുത്, അനുവാദമില്ലാതെ ഇന്ത്യ വിടരുത്, എല്ലാ വെളളിയാഴ്‌ചയും എൻസിബി ഓഫീസിൽ ഹാജരാകണം എന്നിങ്ങനെ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.