
പനാജി: ഗോവയിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം നടക്കുന്നതിനിടെ പാർട്ടിയിൽ കൂട്ടരാജി.
പോർവോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കളാണ് പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നുവെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഗൗരവത്തോടെ കാണുന്നില്ലെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. സഖ്യ രൂപീകരണത്തിലെ തർക്കങ്ങളും ഇവർ ചൂണ്ടിക്കാട്ടി.
സൗത്ത് ഗോവയിലെ മുതിർന്ന നേതാവ് മൊറീനോ റിബെലോയും രാജി പ്രഖ്യാപിച്ചു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ലാത്ത കർട്ടോറിം മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ അലെക്‌സോ റെജിനാൽഡോയ്ക്ക് വീണ്ടും സ്ഥാനാർത്ഥിത്വം നൽകിയതിനെതിരാണെന്ന് റിബെലോ രാജിക്കത്തിൽ സൂചിപ്പിക്കുന്നു. ഗോവ ഫോർവാർഡ് പാർട്ടിയുമായുള്ള (ജി.എഫ്.പി) സഖ്യത്തെ ചൊല്ലിയും അഭിപ്രായ ഭിന്നതകളുണ്ട്.