
ബ്രിസ്ബേനിൽ: ഗാബ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. അപ്പോഴാണ് ഓസ്ട്രേലിയക്കാരിയായ കാമുകി നാറ്റിനോട് വിവാഹ അഭ്യർത്ഥന നടത്താൻ ഇംഗ്ളണ്ടുകാരനായ കാമുകൻ റോബിന് തോന്നിയത്. ഒട്ടും താമസിക്കാതെ റോബ് അത് ചെയ്യുകയും ചെയ്തു. റോബിന്റെ വിവാഹ അഭ്യർത്ഥന ലഭിച്ച ഉടനെ തന്റെ സമ്മതം അറിയിച്ച നാറ്റ് റോബിനെ ചുംബിക്കുകയും കയ്യിൽ കരുതിയിരുന്ന ബിയർ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു.
റോബിന്റെ വിവാഹ അഭ്യർത്ഥന മുതലുള്ള എല്ലാ കാര്യങ്ങളും വിടാതെ പിന്തുടർന്ന ആഷസ് പരമ്പരയുടെ ബ്രോഡ്കാസ്റ്റിംഗ് പാർട്ണർമാരായ ചാനൽ 7 ക്യാമറാമാന്മാർ സംഭവത്തിന് നല്ലൊരു ദൃശ്യവിരുന്ന് ഒരുക്കുകയും ചെയ്തു. ചാനൽ ഈ സംഭവം കവർ ചെയ്ത രീതി അനുസരിച്ച് അവർക്ക് ഇതിനെകുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നു എന്ന് വേണം കരുതാൻ. റോബ് തന്നെ ഇവരോട് ഇതിനെകുറിച്ച് പറഞ്ഞിരിക്കാനും സാദ്ധ്യതയുണ്ട്.
റോബ് നാറ്റിനോട് വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ ഗാബ സ്റ്റേഡിയത്തിലെ കൂറ്റൻ സ്കോർബോർഡിൽ 'ഡിസിഷൻ പെൻഡിംഗ്' (തീരുമാനം വരാനുണ്ട്) എന്ന് എഴുതി കാണിച്ചു. സാധാരണ മത്സരത്തിനിടെ ഓൺഫീൽഡ് അമ്പയർ തീരുമാനം ടി വി അമ്പയറിന് വിട്ടു കഴിഞ്ഞ ശേഷം മൂന്നാം അമ്പയറുടെ തീരുമാനം വരുന്നത് വരെയുള്ള സമയത്താണ് ഇത്തരത്തിൽ സ്കോർബോർഡിൽ എഴുതികാണിക്കുന്നത്. നാറ്റ് തന്റെ സമ്മതം അറിയിച്ച ഉടനെ സ്കോർ ബോർഡിൽ 'ഷീ സെഡ് യെസ്' (അവൾ സമ്മതം അറിയിച്ചു) എന്ന് എഴുതി കാണിക്കുകയും ചെയ്തു. സംഭവത്തിന് എരിവ് പകരാൻ ചാനൽ 7ലെ മിടുക്കരായ കമന്റേറ്റർമാരും ഉണ്ടായിരുന്നു.
A proposal at the Gabba in the Ashes and it's a YES. pic.twitter.com/6C11cKHIfR
— Mufaddal Vohra (@mufaddal_vohra) December 10, 2021