drive

ഭാരതത്തിലെ രണ്ടരലക്ഷത്തിനു മുകളിലുള്ള എ.ടി.എമ്മുകളിൽ പതിനായിരത്തോളം കേരളത്തിലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ശാരീരിക വൈകല്യമുള്ളവർക്ക് വീൽചെയറിലൂടെയും അല്ലാതെയും കടക്കാനുള്ള റാമ്പുകൾ ഒട്ടുമിക്ക എ.ടി.എമ്മുകളിലും സജ്ജികരിച്ചിട്ടുണ്ട്. ഈ റാമ്പുകൾ വഴി വീൽ ചെയർ എ.ടി.എമ്മുകളിൽ കടക്കില്ലെന്നു മാത്രമല്ല പ്രായമുള്ള ഇടപാടുകാർ തെന്നിവീഴുന്ന ദുഃഖകരമായ അവസ്ഥയും സംജാതമാകുന്നു.
20 ഡിഗ്രി സ്ലോപ്പിൽ നിർമ്മിക്കേണ്ട ഇത്തരം റാമ്പുകൾ സ്ഥലപരിമിതി മൂലവും ഭാരിച്ച വാടക കാരണവും കുത്തനെയാണ് നി‌ർമ്മിച്ചിരിക്കുന്നത്. മാത്രമല്ല സ്റ്റോപ്പർ ഘടിപ്പിച്ചത് മൂലം എതിർദിശയിലേക്ക് വലിക്കപ്പെടുന്ന ഗ്ലാസ് ഡോറും, ഹാൻഡ് റെയിൽസിന്റെ അഭാവവും പലപ്പോഴും വിലങ്ങുതടിയായും മാറുന്നു.

ഭിന്നശേഷിക്കാരുടെ കണക്കെടുത്താൽ ഓരോ ജില്ലയിലും എകദേശം 25000 ത്തോളം പേർ ഏതെങ്കിലുമൊക്കെ സർക്കാർ പെൻഷനുകളും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റുന്ന അക്കൗണ്ട് വരിക്കാരാണ്. അടുത്തിടെ നടന്ന സർവേയിൽ ഇക്കൂട്ടർ എ.ടി.എം ഇടപാടുകളെ ഭയക്കുന്നതിനുള്ള കാരണം പറഞ്ഞത് അന്യരെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടും 'സീക്രട് കോഡ് ' അപരിചിതരുമായി പങ്കുവയ്‌ക്കുന്നതിലുള്ള അപകടം മൂലവുമാണെന്നാണ്. സ്ത്രീകളുടെ കാര്യമെടുത്താൽ മദ്യാസക്തിയുള്ള ഭർത്താക്കന്മാരെ എ.ടി.എം കാർഡ് ഏല്‌‌പിച്ചാൽ പകുതി പൈസയും മദ്യഷാപ്പിൽ ചെന്നെത്തുമെന്നതിൽ സംശയമില്ല.

ലോക ബാങ്കിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിത്തീർത്ത എ.ടി.എം എങ്ങനെ ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്ക് പ്രാപ്യമാക്കാമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളും ബാങ്കിങ്ങ് മേഖലയും പുനർവിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

' ഡ്രൈവ് അപ്പ് എ.ടി.എം ' എന്ന നൂതന ആശയം ഇതിനു ഒരു പരിധിവരെ പരിഹാരമാവും. പല ലോകരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ പല മഹാനഗരങ്ങളിലും ഏകദേശം 70000 ത്തോളം (മൊത്തം എ.ടി.എമ്മുകളുടെ രണ്ട് ശതമാനം) ഡ്രൈവ് അപ്പ് എ.ടി.എം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങളിൽ നിന്നു ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുതന്നെ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. സൈക്കിൾ ഉൾപ്പടെയുള്ള ഇരുചക്രവാഹനങ്ങളിലെ ഭിന്നശേഷിക്കാരായ പിൻസീറ്റ് യാത്രക്കാർക്കു ഇത് നല്ലതാണ് .

തുടക്കത്തിൽ ആരംഭിക്കുന്ന ഡ്രൈവ് അപ്പ് എ.ടി.എമ്മുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യുകയും സെക്യൂരിറ്റികളെ വച്ചു നിയന്ത്രിക്കുകയും വേണം. പകൽ മാത്രം പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനം കൂടുതലായി വേണ്ടുന്ന ഇത്തരം എ.ടി.എമ്മുകൾ ഓരോ പ്രദേശത്തു ഒന്നുവീതം പെട്രോൾ പമ്പുകളിൽ സ്ഥാപിക്കുന്നതാകും അഭികാമ്യം.

നോട്ടിട്ടാൽ ചില്ലറ വരുന്ന കോയിൻ വെൻഡിംഗ് മെഷീൻ പല സുപ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും വിവിധ ബാങ്കുകൾ അതു ഭംഗിയായി നിറവേറ്റി വരുന്ന ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. മൊത്തം പമ്പുകളുടെ നിശ്ചിത ശതമാനം ഡ്രൈവ് അപ്പ് എ.ടി.എമ്മുകൾക്കായി സ്ഥലം കരുതണമെന്നും അവയുടെ നടത്തിപ്പ് വ്യത്യസ്ത ബാങ്കുകളിൽ നിക്ഷിപ്തമാക്കുകയും ഇവ നിയമം മൂലം നടപ്പാക്കുകയും വേണം.

ബാങ്കുകൾ വാർഷിക ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹിക പ്രതിബദ്ധതതയ്ക്കു വകമാറ്റണമെന്ന് നിയമമുണ്ട്. സുതാര്യതയും സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തി നമ്മുടെ ഭിന്നശേഷിക്കാരായ സഹോദരങ്ങളെ മുഖ്യധാരയിലെത്തിച്ചാൽ മാത്രമേ സാമൂഹ്യപ്രതിബദ്ധത പൂർണതയിൽ എത്തുകയുള്ളൂ. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഡ്രൈവ് അപ്പ് എ.ടി.എം തുടങ്ങാൻ നമ്മുടെ കേന്ദ്രസംസ്ഥാന സർക്കാരുകളും ആർ.ബി.ഐയും ഇതര ബാങ്കുകളും കൈകോർക്കുമെന്ന് പ്രത്യാശിക്കാം.


ലേഖകന്റെ ഫോൺ - 9847862420