kanja

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആൾ താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന 34 കിലോ കഞ്ചാവ് നെയ്യാറ്റിൻകര പൊലീസ് പിടികൂടി. പത്താംകല്ല് ബ്രഹ്മംകോട് മണികണ്ഠൻവിള വീട്ടിൽ സുനിയുടെ വീടിന്റെ ഉമ്മറത്ത് നിന്നാണ് 3 ബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തത്. ബന്ധുവിന് സുഖമില്ലാത്തിനാൽ ഒരുമാസത്തോളമായി സുനിയും കുടുംബവും ബന്ധുവീട്ടിലായിരുന്നു. ഇന്നലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്തെ കട്ടിലിനടിയിൽ ബാഗുകൾ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വലിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

ഒരാഴ്ച മുൻപ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആറാലുംമൂടിന് സമീപം 2 പേർ ബൈക്കിലെത്തിച്ച കഞ്ചാവ് ശേഖരം സ്കോർപിയോ വാഹനത്തിലെത്തിയ 3 യുവാക്കൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെ 2 പേരെ സ്ക്വാഡ് പിടികൂടിയിരുന്നു. പ്രതികളിൽ നിന്ന് 25 കിലോയോളം കഞ്ചാവ് ശേഖരവും പിടിച്ചെടുത്തിരുന്നു. ക്രിസ്മസ് പ്രമാണിച്ച് വിപണിയിലെത്തിക്കാനായിരുന്നു കഞ്ചാവ് ശേഖരമെന്നും ഒരാഴ്ച മുൻപ് നടന്ന സംഭവവുമായി ഇതിന് ബന്ധമുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

എസ്.പി വി.കെ. മധുവിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ദിനരാജ്, സി.ഐ സാഗർ, എസ്.ഐ സെന്തിൽകുമാർ, ഗ്രേഡ് എസ്.ഐ ജയരാജ്, സെബാസ്റ്റ്യൻ, ക്രിസ്റ്റഫർ, രാജൻ, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.