
മുംബയ്: 2017ൽ ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെ ഡയറക്ടർ ആയിരുന്ന താൻ പരിശീലകൻ ആകാതിരിക്കാൻ ബി സി സി ഐയിൽ തന്നെയുള്ളവർ ശ്രമിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബി സി സി ഐ ആവശ്യപ്പെട്ട ഉടനെ നല്ല വരുമാനമുണ്ടായിരുന്ന കമന്റേറ്റർ ജോലി ഉപേക്ഷിച്ച് താൻ ടീം ഡയറക്ടർ ആകാൻ തയ്യാറായെങ്കിലും 2017ൽ തന്നെ മറികടന്ന് അനിൽ കുംബ്ലെയെ പരിശീലകനായി നിയമിക്കാൻ അന്ന് ബി സി സി ഐയിൽ ഉണ്ടായിരുന്ന ചിലർ ചരടുവലി നടത്തിയെന്നും രവി ശാസ്ത്രി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ തനിക്ക് പകരം കുംബ്ലെയെ നിയമിച്ച നടപടിയല്ല മറിച്ച് തന്നെ പുറത്താക്കിയ രീതിയാണ് ഏറെ വിഷമിപ്പിച്ചതെന്ന് ശാസ്ത്രി വ്യക്തമാക്കി. ബി സി സി ഐയിലെ ആരെങ്കിലും അന്ന് സംസാരിക്കാൻ തയ്യാറായിരുന്നെങ്കിൽ ഇത്രയേറെ വിഷമം തോന്നില്ലായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. ഞങ്ങൾക്ക് നിങ്ങളെ ഇഷ്ടമല്ലെന്നോ നിങ്ങളുടെ സേവനം ടീമിന് ആവശ്യമില്ലെന്നോ അവർക്ക് തന്നോട് പറയാമായിരുന്നെന്നും എന്നാൽ അതിനൊന്നും തയ്യാറാകാതെ വളരെയേറെ അപമാനിച്ചാണ് തന്നെ അന്ന് ടീമിൽ നിന്ന് പുറത്താക്കിയതെന്നും ശാസ്ത്രി ആരോപിച്ചു.
എന്നാൽ രവി ശാസ്ത്രിക്ക് പകരം പരിശീലകനായി ചുമതലയേറ്റ അനിൽ കുംബ്ലെയ്ക്ക് അധികം നാൾ ടീമിൽ തുടരാൻ സാധിച്ചില്ല. ക്യാപ്ടൻ വിരാട് കൊഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒരു വർഷം പോലും പൂർത്തിയാക്കുന്നതിന് മുമ്പ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ബി സി സി ഐ രവി ശാസ്ത്രിയെ മടക്കി വിളിക്കുകയായിരുന്നു. പരിശീലകനായി ടീമിൽ മടങ്ങിയെത്തിയത് മുമ്പ് തന്നെ അപമാനിച്ച് ഇറക്കി വിട്ട ബി സി സി ഐയിലെ ഉന്നതരുടെ മുഖത്ത് ചീമുട്ട എറിയുന്നതു പോലെയായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു.
എന്നാൽ ഡയറക്ടർ സ്ഥാനം ഒഴിയുന്ന സമയത്ത് മികച്ച അന്തരീക്ഷത്തിലായിരുന്ന ഇന്ത്യൻ ഡ്രെസിംഗ് റൂമിനെ ഒൻപത് മാസത്തെ ഇടവേളക്കു ശേഷം മടങ്ങിയെത്തിയപ്പോൾ പടലപ്പിണക്കങ്ങൾ നിറഞ്ഞ അവസ്ഥയിലാണ് തനിക്ക് ലഭിച്ചതെന്നും ശാസ്ത്രി പറഞ്ഞു. ഒൻപത് മാസം കൊണ്ട് ആ ടീമിൽ എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയില്ലെന്നും അതിന് കാരണക്കാരായവർ തന്നെ എല്ലാം തുറന്നു പറയുന്നതായിരിക്കും നല്ലതെന്നും ശാസ്ത്രി വ്യക്തമാക്കി.