
ന്യൂഡൽഹി:ഇന്ത്യയുടെ പരമോന്നത സൈനിക ഓഫീസറായ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന് ദേശസ്നേഹം ത്രസിക്കുന്ന ഹൃദയത്തിൽ നിന്ന് അവസാന സല്യൂട്ട് നൽകി രാജ്യം കണ്ണീരോടെ വിടയേകി.
ഹെലികോപ്റ്റർ ദുരന്തത്തിൽ പൊലിഞ്ഞ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ഭൗതിക ദേഹങ്ങൾ ഒരു ചിതയിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. പുത്രിമാരായ കൃതികയും തരിണിയും ചിതയിൽ അഗ്നി പകർന്നു. റാവത്തിന്റെ സമുന്നത പദവിക്കൊത്ത ആദരവായി പീരങ്കികൾ ഉതിർത്ത വെടി പതിനേഴ് തവണ ദിക്കുകൾ മുഴക്കിയപ്പോൾ രാജ്യം നിശ്ചലമായി. സംയുക്ത സൈനിക ബാൻഡ് ലാസ്റ്റ് പോസ്റ്റ് ആലപിച്ചു.
ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. റാവത്തിന്റെ ഉപദേഷ്ടാവ് ബ്രിഗേഡിയർ എൽ.എസ്. ലിദ്ദറിന്റെ ഭൗതിക ശരീരവും പൂർണ സൈനിക ബഹുമതികളോടെ ഇന്നലെ രാവിലെ ഇതേ ശ്മശാനത്തിൽ സംസ്കരിച്ചു.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സർവ്വസൈന്യാധിപനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയില്ല. മരിച്ച സൈനികർക്ക് ആദരം അർപ്പിക്കാൻ പ്രോട്ടോക്കോൾ പ്രശ്നമാകാറില്ല. വ്യാഴാഴ്ച ഔദ്യോഗിക പരിപാടികൾക്ക് പുറത്തായിരുന്ന രാഷ്ട്രപതി ഇന്നലെ രാവിലെ ഡൽഹിയിലുണ്ടായിരുന്നു. രാവിലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം വൈകിട്ട് ഡെറാഡൂണിലേക്ക് പോയി.