
നാഗർകോവിൽ: കാഴ്‌ചക്കുറവുളളയാളെയും കുടുംബത്തെയും ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്‌ടറും ഡ്രൈവറും. തമിഴ്‌നാട്ടിൽ നാഗർകോവിൽ വടശേരി ബസ് സ്‌റ്റാന്റിൽ നിന്നും ബസ് പുറത്തേക്ക് വരുമ്പോഴാണ് സംഭവം. നരികുറുവ വിഭാഗത്തിൽപെട്ടവരാണ് പുറത്താക്കപ്പെട്ട വൃദ്ധനും കുടുംബവും.
തമിഴ്‌നാട് ട്രാൻസ്‌പോർട് കോർപറേഷന്റെ ജീവനക്കാരാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്. ബസിൽ നിന്നും പുറത്തേക്ക് ഇവരെ ഇറക്കിവിടുകയും ഇവരുടെ ബാഗുകൾ കണ്ടക്‌ടർ പുറത്തേക്ക് എടുത്തെറിയുകയും ചെയ്‌തു. കണ്ടക്‌ടറുടെ പെരുമാറ്റം കണ്ട് കൂട്ടത്തിലെ കുട്ടി പൊട്ടിക്കരയുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ ടിഎൻഎസ്‌ടിസി നാഗർകോവിൽ ഡിവിഷണൽ മാനേജർ അന്വേഷണം പ്രഖ്യാപിച്ചു.
സംഭവത്തിൽ നാഗർകോവിൽ തിരുവട്ടാർ ബ്രാഞ്ചിന് കീഴിലെ ബസ് ഡ്രൈവർ സി.നെൽസൺ, കണ്ടക്‌ടർ സി.എസ് ജയചന്ദ്രൻ എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. ഐടി മന്ത്രി ടി.മനോതങ്കരാജിന്റെ കർശന നിർദ്ദേശപ്രകാരമാണ് നടപടി.
നാഗർകോവിലിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോയ ബസിലാണ് വ്യാഴാഴ്‌ച വൈകിട്ടോടെ ഈ സംഭവമുണ്ടായത്. കഴിഞ്ഞയാഴ്‌ച മത്സ്യവിൽപന നടത്തുന്ന സ്‌ത്രീയെ ഇറക്കിവിട്ടതും ഇതേ മേഖലയിലെ ബസിലാണ്. സംഭവത്തിന് കാരണക്കാരായ ഡ്രൈവറെയും കണ്ടക്‌ടറെയും അന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.