
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്. ഡൽഹിയിൽ നിന്ന് പതിനൊന്ന് മണിക്ക് സുലൂരിലെത്തിക്കുന്ന മൃതദേഹം, റോഡ് മാർഗം പ്രദീപിന്റെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് കൊണ്ടുപോകും.
പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്.