
ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ സമരം ചെയ്തവർക്കെതിരെ പൊലീസ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കോടതിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അൽ അമീൻ, അനസ്, നജീബ് എന്നിവർക്കെതിരെയാണ് പരാമർശം.
ഇവരെ ജാമ്യത്തിൽ വിട്ടാൽ കലാപമുണ്ടാകുമെന്നും, ഇവരുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അതേസമയം മോഫിയ ആത്മഹത്യചെയ്ത കേസിലെ പ്രതികളായ ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി.തങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, മോഫിയയുടെ മരണത്തിൽ പങ്കില്ലെന്നും വ്യക്തമാക്കിയാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്.
നവംബർ 22 നാണ് മോഫിയയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതോടെയാണ് 25ന് യുവതിയുടെ ഭർത്താവിനെയും അയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റുചെയ്തത്. സ്ത്രീപീഡനം, സ്ത്രീധനമരണം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് സുഹൈലും മോഫിയയും വിവാഹിതരായത്.