
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം സംസ്കരിച്ചു. എല്ലാ ദു:ഖങ്ങളും ഉള്ളിലൊതുക്കി ഭാര്യ ഗീതികയും മകൾ ആഷ്‌നയും അദ്ദേഹത്തെ യാത്രയാക്കി. താനൊരു സൈനികന്റെ ഭാര്യയാണെന്നും, അതിനാൽത്തന്നെ കരയില്ലെന്നും ഗീതിക പറഞ്ഞു.
അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണെന്നും, ദേശീയ പതാക നെഞ്ചോട് ചേർക്കുമ്പോൾ അഭിമാനത്തേക്കാളേറെ വേദനയാണെന്നും ഗീതിക പറഞ്ഞു. അദ്ദേഹം കരുത്തനായിരുന്നു. അതിനാലാണ് സംസ്‌കാര ചടങ്ങിന് ഇത്രയധികം ആളുകളെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
'ഇനിയുള്ള ജീവിതത്തിൽ ഞാനും മോളും ഒറ്റയ്ക്ക് മുന്നോട്ട് പോകണമല്ലോ. ദൈവത്തിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. സ്‌നേഹനിധിയായ പിതാവായിരുന്നു അദ്ദേഹം. മോൾ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും'-ഗീതിക പറഞ്ഞു.