
മലപ്പുറം: വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് അബ്ദുറഹ്മാൻ മോശം പരമാർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. മുഖ്യമന്തിയുടെ മകൾ വീണയും മന്ത്രി റിയാസും തമ്മിലുള്ള വിവാഹം വ്യഭിചാരമാണെന്നാണ് റാലിയിൽ സംസാരിക്കുന്നതിനിടെ ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്മാൻ പറഞ്ഞത്. പരാമർശം പിന്നീട് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് മന്ത്രിയെ ഫോണിൽ വിളിച്ച് ഖേദം പ്രകടനം നടത്തിയതും രാഷ്ട്രീയ വിമർശനമാകാമെന്നും അത് വ്യക്തിപരമാകുന്നത് അംഗീകരിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചത്.
പ്രസംഗം വിവാദമയാതോടെ അബ്ദുറഹ്മാൻ കല്ലായിയും കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തിയിരുന്നു. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്‌ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നായിരുന്നു ഖേദപ്രകടനത്തിനൊപ്പമുള്ള അദ്ദേഹത്തിന്റെ വിശദീകരണം.
വഖഫ്ബോർഡിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. നിങ്ങൾ ആദ്യം നിങ്ങൾ ആരാണെന്നു തീരുമാനിക്കൂ, ലീഗ് രാഷ്ട്രീയ പാർട്ടിയാണോ അതോ മതസംഘടനയോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.