ali-akbar

തിരുവനന്തപുരം: മതം മാറിയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ആ വാർത്തയ്ക്കു നേരെ സോഷ്യൽ മീഡിയയിൽ ആഹ്ളാദ പ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് മറ്റ് നിരവധികാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് തന്റെ രാഷ്‌ട്ര താൽപര്യത്തിന് മുകളിൽ അല്ല മതം. മതം രാഷ്ട്രത്തിന് മുകളിലേക്ക് വളർന്നാൽ ആ മതം ഉപേക്ഷിക്കുക എന്നതാണ് തന്റെ നിലപാടെന്ന് അലി അക്ബർ വ്യക്തമാക്കി. സംയുക്ത സേനാ മേധാവി മരണപ്പെട്ട വാർത്ത വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. അതിന് തൊട്ടുപിന്നാലെ പരിഹാസ്യപരമായ നിരവധി പോസ്റ്റുകളാണ് വന്നത്. എന്നാൽ ഇവക്ക് എതിരെ ഇസ്ളാം മതത്തിലെ ഒരാൾപോലും പ്രതികരിച്ചില്ല. അങ്ങനെ ഒരു വിഭാഗത്തോട് ചേർന്ന് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനി താൻ ഹൈന്ദവ ധർമ്മത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കും. എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല ഇതിലൂടെ പ്രധാന്യം കൊടുക്കുന്നത്. പകരം രാജ്യത്തിന്റെ പൊതു താൽപര്യങ്ങൾക്കാണ്. നിലവിൽ ഇസ്ളാം മതം വേറെയും രാഷ്ട്ര ബോധം വേറെയുമായി നിലനിൽക്കുമ്പോൾ തനിക്ക് ഈ മതം വി‌ടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

മതം മാറ്റത്തിനൊപ്പം തന്റെ പേര് രാമസിംഹൻ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബറിനെ നിങ്ങൾക്ക് രാമസിംഹൻ എന്ന് വിളിക്കാം. നല്ല പേരാണത്'- അലി അക്ബർ വിശദീകരിച്ചു.