manju

മഞ്ജുവാര്യരുടെ തിരിച്ചുവരവ് കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഹൗ ഓൾഡ് ആർ യു. ചിത്രത്തിൽ നായകവേഷത്തിലെത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. മഞ്ജു നായികയാകുന്ന സിനിമയിൽ പിന്മാറണമെന്ന ആവശ്യം പലപ്പോഴായി തന്നെ തേടിയെത്തിയെന്ന് പലവട്ടം കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ,​ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകകരമായ കാര്യം കൂടി താരം പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിൽ നായിക കഥാപാത്രമായി ആദ്യം ആലോചിച്ചിരുന്നത് ശാലിനിയെ ആയിരുന്നു. അന്ന് അത് നായികാപ്രാധാന്യമുള്ള സിനിമയായിരുന്നില്ല. ആ സമയത്താണ് മഞ്ജു തിരിച്ചുവരുന്ന വാർത്തകൾ വന്നു തുടങ്ങിയതും സിനിമയുടെ ചർച്ചകൾ മറ്റൊരു തരത്തിലേക്ക് മാറുന്നതും. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

'സത്യമുള്ള കാര്യങ്ങൾ പറയുക എന്നതേ ചെയ്‌തിട്ടുള്ളൂ, അതല്ലാതെ ആരെയെങ്കിലും മനഃപൂർവം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയിൽ കോർണർ ചെയ്യാൻ മെനഞ്ഞെടുത്ത വാക്കുകളും കഥകളുമായി എവിടെയും ഉപയോഗിക്കാറില്ല. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും 'ഹൗ ഓൾഡ് ആർ യൂ'. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജ‌ക്‌ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അതു കൊണ്ട് ഒരു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമ വന്നിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്‌തിരുന്നതും. മഞ്ജുവിനോക്കാൾ എനിക്ക് സഞ്ജുബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. കാരണം അവർ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നൽകിയവരാണ്. എന്റെ തിരിച്ചുവരവ് സിനിമകളിൽ, അല്ലെങ്കിൽ മലയാള സിനിമയുടെ പാത മാറ്റിയ സിനിമകളിൽ ഒന്നാണ് ട്രാഫിക്ക്. അതെന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്തുക്കൾ ഒരു കഥയുമായി വരുമ്പോൾ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. അതിന്റെ പ്രൊഡ്യൂസർക്കും സംവിധായകൻ റോഷൻ ആൻഡ്രൂസിനുമാണ് ഞാൻ ഡേറ്റ് കൊടുത്തത്.

മഞ്ജുവിന് മുമ്പും വേറെയും നായികമാരെ ആലോചിച്ചിരുന്നു. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല, ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വെച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അങ്ങനെയാണെങ്കിൽ കുഴപ്പമില്ല, മഞ്ജുവാര്യരുടെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്‌താണ് ഇത് കമ്മിറ്റഡ് ആവുന്നതും സിനിമ സംഭവിക്കുന്നതും.

അതിന് ശേഷം സമ്മർദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാൻ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാൻ ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. നേരിട്ട് ഒഴിയണമെന്ന രീതിയിൽ പറഞ്ഞിട്ടില്ല. സിനിമയിൽ നിന്നും ഞാൻ ഒഴിയണമെന്ന രീതിയിൽ ചെറിയ സൂചനകൾ നൽകിയിരുന്നു. "