
ചെന്നൈ: സിനിമാതാരം റഹ്മാന്റെ മൂത്തമകൾ റുഷ്ദ റഹ്മാന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ആദ്യകാലങ്ങളിൽ മലയാള സിനിമയുടെ ചോക്ളേറ്റ് നായകൻ റഹ്മാനും വില്ലൻ മോഹൻലാലുമായിരുന്നു. യുവാക്കളുടെ ഹരമായി മാറിയ റഹ്മാൻ മലയാളത്തിലെ എക്കാലത്തെയും പ്രണയനായകനാണ്. വിവാഹചടങ്ങിലെത്തിയ മോഹൻലാലിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.അൽതാഫ് നവാബാണ് വരൻ. മലയാള, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നവദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.

1983ൽ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ അഭിനയ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിൽ തുടക്കം കുറിച്ച് തമിഴിലും തെലുങ്കിലും തിളങ്ങിയ നടനാണ് അദ്ദേഹം. ചടങ്ങിൽ ശോഭന, സുഹാസിനി, ലിസി, പാർവതി ജയറാം, നദിയ മൊയ്ദു, മേനക,പൂർണിമ ഭാഗ്യരാജ് തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തു.
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ഭാര്യയുടെ സഹോദരീഭർത്താവാണ് നടൻ റഹ്മാൻ.
