pradeep-kumar

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം സുലൂർ വ്യോമത്താവളത്തിൽ നിന്ന് ഉടൻ സ്വവസതിയായ തൃശൂർ പൊന്നൂക്കരയിൽ എത്തിക്കും. വാളയാറിൽവച്ച് ഭൗതിക ശരീരം മന്ത്രിമാരുൾപ്പെടെയുള്ള സംഘം ഏറ്റുവാങ്ങും. കേന്ദ്ര മന്ത്രി വി മുരളീധരൻ, ടി.എൻ.പ്രതാപൻ എം പി തുടങ്ങിയവർ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

കെ രാധകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻക്കുട്ടി തുടങ്ങിയ മന്ത്രിമാരാണ് മൃതദേഹം ഏറ്റുവാങ്ങുക. മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ഏകദേശം അരമണിക്കൂറിനുള്ളിൽ വാളയാറിൽ എത്തിച്ചേരും. ശേഷം പ്രദീപ് പഠിച്ച പുത്തൂർ ഹൈസ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും.

പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു. എന്നാൽ ഡൽഹിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമേ വിട്ടുനൽകൂ എന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സഹോദരൻ തിരിച്ചെത്തുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്.

2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്