
ന്യൂഡൽഹി: സൂം കോളിലൂടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ കടുത്ത വിമർശനം നേരിട്ട ബെറ്റർ ഡോട്ട് കോം സി ഇ ഒ വിശാൽ ഗാർഗ് കമ്പനിയിൽ നിന്ന് ഉടൻ അവധിയിൽ പ്രവേശിക്കുന്നു. ജീവനക്കാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിലൂടെ ഡയറക്ടർ ബോർഡ്ആണ് ഇക്കാര്യം അറിയിച്ചത്. കൂട്ട പിരിച്ചുവിടൽ നടപടി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞുകൊണ്ട് വിശാൽ ഗാർഗ് കഴിഞ്ഞ ദിസവം ക്ഷമ ചോദിച്ചിരുന്നു.
വിശാൽ ഗാർഗ് അവധിയിൽ പ്രവേശിക്കുന്നതോടെ കമ്പനിയുടെ ദൈനംദിന തീരുമാനങ്ങൾ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെവിൻ റെയാൻ കൈകാര്യം ചെയ്യുമെന്നും സന്ദേശത്തിൽ ബോർഡ് വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഒരു സ്വതന്ത്ര മൂന്നാം കക്ഷി സ്ഥാപനത്തെ ബെറ്റർ ഡോട്ട് കോം സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ജീവനക്കാരുടെ പ്രകടനത്തെയും ഉത്പാദനക്ഷമതയെയും വിലയിരുത്തിയാണ് പിരിച്ചുവിടലെന്ന് വിശാൽ ഗാർഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ നടപടിയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇന്ത്യയിലെയും യു എസിലെയും ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
2016-ൽ സ്ഥാപിതമായ, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റർ ഡോട്ട് കോം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വീട്ടുടമകൾക്ക് ജാമ്യം, പണയം, ഇൻഷുറൻസ് തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ്. ബ്ളാങ്ക് ചെക്ക് സ്ഥാപനമായ അറോറ അക്വിസിഷൻ കോർപ്പറേഷനുമായി ലയിക്കുമെന്ന് കഴിഞ്ഞ മേയിൽ ബെറ്റർ ഡോട്ട് കോം വെളിപ്പെടുത്തിയിരുന്നു.