
ചില കുട്ടികൾക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും. ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കുന്ന 'വിരുതന്മാരുമുണ്ട്'. ഇത്തരം സ്വഭാവങ്ങൾ കാണുമ്പോൾ സ്വാഭാവികമായി രക്ഷിതാക്കളും 'വയലന്റാകും'. അത് അടിയിലും വഴക്കിലുമൊക്കെ കലാശിക്കുകയും ചെയ്യും.
എന്നാൽ മക്കളോട് തിരിച്ച് ദേഷ്യപ്പെടുകയല്ല പരിഹാരം എന്ന് പറഞ്ഞുകൊണ്ട് ഡെസ്റ്റിന് ബെന്നറ്റ് എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മകനൊപ്പമുള്ള വീഡിയോയാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ദേഷ്യത്തോടെ നിൽക്കുന്ന കുട്ടിയെ ശാന്തമാക്കുകയാണ് യുവതി. വീഡിയോയുടെ അവസാനം ഇരുവരും ആലിംഗനം ചെയ്യുന്നതും കാണാം.
ഞാൻ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു... നിനക്കറിയുമോ ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്... നിനക്കറിയുമോ? ഞാൻ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നുവെന്ന് യുവതി മകനോട് പറയുന്നു. കൂടുതൽ മികച്ചവനാക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതും, മക്കൾ ചീത്തക്കുട്ടിയാകുന്നത് രക്ഷിതാക്കൾക്ക് സഹിക്കില്ലെന്നുമൊക്കെയാണ് യുവതി മകനോട് പറയുന്നത്. ഇതൊക്കെ കേട്ടതിന് പിന്നാലെയാണ് കുട്ടി അമ്മയെ കെട്ടിപ്പിടിക്കുന്നത്.
കുട്ടിയെ എങ്ങനെ ശാന്തമാക്കാമെന്നാണ് വീഡിയോയിൽ അവർ പറയുന്നത്. ചില സമയങ്ങൾ കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്നതു പോലെ വരില്ല. അത് നമ്മളെ ദേഷ്യം പിടിപ്പിക്കും. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുട്ടികളോട് ശാന്തമായി പെരുമാറി നോക്കൂ. അവരുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ കാണാമെന്നാണ് വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ യുവതി പറയുന്നത്.