
ജയ്പൂർ: രാജസ്ഥാനിലെ മുൻ നാട്ടുരാജ്യമായ ബുന്ദിയിലെ ഹദ രജപുത്രരുടെ ഇരുപത്തിയാറാമത് രാജാവായി ഇന്ത്യൻ സൈനികനും പർവതാരോഹകനുമായ ബ്രിഗേഡിയർ ഭുപേഷ് സിംഗ് ഹദ സ്ഥാനാരോഹിതനാകുന്നു. നാളെ ബുന്ദിയിലെ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന കിരീടധാരണ ചടങ്ങിലൂടെ ഹദ രജപുത്ര സമൂഹം ബ്രിഗേഡിയർ ഭുപേഷ് സിംഗിനെ തങ്ങളുടെ രാജാവായി അവരോധിക്കും.
ബുന്ദി രജപുത്രരുടെ അവസാന രാജാവായിരുന്ന കേണൽ മഹാറാവു രാജാ ബഹദൂർ സിംഗിന്റെ മകനും പിൻഗാമിയുമായ രജ്ഞിത് സിംഗ് 2010ൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. ഇതിനെത്തുടർന്ന് രാജകീയ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തച്ചൊല്ലി അദ്ദേഹത്തിന്റെ ബന്ധുക്കൾ നിയമപോരാട്ടം ആരംഭിച്ചതോടെ പന്ത്രണ്ട് വർഷത്തോളം രാജപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് അനുയോജ്യമായ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ഹദ രജപുത്രർ ഒരു 'പാഗ്' കമ്മിറ്റി രൂപീകരിച്ചു. രാജാവ് വിടവാങ്ങിയ ശേഷം പിൻഗാമിയെ അണിയിക്കുന്ന തലപ്പാവിനെയാണ് 'പാഗ് ' എന്ന് വിശേഷിപ്പിക്കുന്നത്. കമ്മിറ്റി രൂപീകരിച്ചതിന് ശേഷം നാമനിർദേശങ്ങൾ ക്ഷണിക്കുകയും ഒടുവിൽ ബ്രിഗേഡിയർ ഭുപേഷ് സിംഗ് ഹദയെ രാജാവായി തിരഞ്ഞെടുക്കുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബർ നാലിന് ബ്രിഗേഡിയർ ഭുപേഷ് സിംഗിനെ പുതിയ രാജാവായി തിരഞ്ഞെടുത്തതായി കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുന്ദിയിലെ മുൻ രാജകുടുംബങ്ങളുടെ സ്വത്തുക്കളിൽ പുതിയ രാജാവിന് അവകാശവാദം ഉന്നയിക്കാൻ സാധിക്കുകയില്ല. രാജാവെന്നത് സമുദായത്തിന്റെ നാമവും ആചാരപരവുമായ പദവിയാണെന്നും സമുദായത്തിന്റെ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും ബ്രിഗേഡിയർ ഭുപേഷ് സിംഗ് പ്രതികരിച്ചു.
1999ലെ ആന്റി ടെററിസ്റ്റ് ഓപ്പറേഷനുകൾക്ക് രാജ്യം ബ്രിഗേഡിയർ ഭുപേഷ് സിംഗ് ഹദയെ ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. സിയാച്ചിനിലെ നേതൃത്വ മികവിന് 2019ൽ വിശിഷ്ട സേവാ മെഡലും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഒരു വിദഗ്ദ്ധ പർവതാരോഹകൻ കൂടിയായ അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റും, ലോത്സെ പർവതവും കീഴടക്കിയിട്ടുണ്ട്. മികച്ച മുങ്ങൽ വിദഗ്ദ്ധനും പാരാട്രൂപ്പറും കൂടിയാണ് ബ്രിഗേഡിയർ ഭുപേഷ് സിംഗ് ഹദ.