
ന്യൂഡൽഹി: രാജ്യത്തെ പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ താൻ കാത്തിരിക്കുകയാണെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നൗവിൽ നിന്നും 150 കീ.മീറ്റർ അകലെയുള്ള ബൽറാംപൂരിൽ 9800 കോടി രൂപയുടെ വാട്ടർ കനാൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
തങ്ങളാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടതെന്ന അവകാശവാദവുമായി ആരെങ്കിലും എത്തുമെന്ന് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ മുതൽ താൻ പ്രതീക്ഷിച്ചുവെന്നും ചിലർക്കിത് പതിവാണെന്നും മോദി ആരോപിച്ചു. ഒരുപക്ഷേ അവർ ചെറുപ്പത്തിൽ പദ്ധതിക്കായി റിബൺ മുറിച്ചിരിക്കാമെന്നും മോദി പരിഹസിച്ചു. ചിലർക്ക് ഭാവനമാത്രമാണെുള്ളത്. എന്നാൽ തങ്ങളുടെ മുൻഗണന പ്രാവർത്തികമാക്കുകയെന്നതാണെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
കോപ്ടർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഒഫ് ഡിഫൻസിന്റെ മരണം രാജ്യത്തെ ഒരോ രാജ്യസ്നേഹിക്കും തീരാനഷ്ടമാണെന്നും രാജ്യത്തെ സേനയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിന് രാജ്യം സാക്ഷ്യം വഹിച്ചതാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യ വിലപിക്കുകയാണെന്നും എന്നാൽ തങ്ങൾ വികസനപ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും മോദി കൂട്ടിച്ചേർത്തു.