elderly-couple-from-nagpu

ന്യൂഡൽഹി : മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പണ്ഡിറ്റ് നെഹ്റു കോൺവെന്റിന് സമീപം ഒരു ചെറിയ വഴിയോര ഭക്ഷണ സ്റ്റാളുണ്ട്. രാവിലെ ആറു മുതൽ വൈകിട്ടു നാലു വരെ സ്വാദിഷ്ഠമായ ഭക്ഷണം ലഭിക്കും ഇവിടെ. ഈ ഭക്ഷണ സ്റ്റാളിന് ഒരു പ്രത്യേകതയുണ്ട്. എഴുപത് വയസ് പിന്നിട്ട വൃദ്ധ ദമ്പതികളാണ് ഭക്ഷണശാല നടത്തുന്നത്. സ്പെഷ്യൽ 'റ്റാരി പൊഹ"യാണ് അവിടുത്തെ പ്രധാന വിഭവം. വില വെറും 10 രൂപ. ആലുബോണ്ട ഒരു പ്ലേറ്റിന് 15 രൂപ മാത്രം. വീട്ടുവാടകയും ജീവിതച്ചെലവും കണ്ടെത്താനാണ് ഈ പ്രായത്തിൽ വൃദ്ധ ദമ്പതികളുടെ കഠിനാദ്ധ്വാനം.

എല്ലാ ദിവസവും പുലർച്ചെ നാലുമണി മുതൽ പ്രഭാത ഭക്ഷണമൊരുക്കി തുടങ്ങും ഇരുവരും. അഞ്ചുമണിക്ക് ഭക്ഷണസ്റ്റാളിലെത്തും. കഴിഞ്ഞ അഞ്ചുവർഷമായി തുടരുന്ന രീതിയാണിത്. വിവേക്, ആയേഷ എന്നീ ഫുഡ് വ്ലോഗർമാരാണ് ദമ്പതികളുടെ ഈ അദ്ധ്വാന കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇവർ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ ദമ്പതികളുടെ കഥ വൈറലായി. ഇതോടെ നിരവധിപ്പേർ ഭക്ഷണശാലയിലേക്കെത്തുന്നുണ്ട്. വളരെ രുചികരമായ ഭക്ഷണമാണ് ഈ വൃദ്ധ ദമ്പതികൾ തയാറാക്കുന്നതെന്നും പലരും വെറുതേ ചെലവാക്കിക്കളയുന്ന പണമുപയോഗിച്ച് ഇവരുടെ കടയിൽ നിന്ന് ഭക്ഷണം വാങ്ങിയാൽ ഈ വൃദ്ധ ദമ്പതികൾക്ക് വളരെ ഉപകാരമാകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.