uber

ഗുവാഹത്തി: കഷ്‌ടപ്പാടുകൾക്കൊടുവിൽ വലിയൊരു നേട്ടം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഉത്തരാഖണ്‌ഡ് സ്വദേശിയായ രോഹിത് നേഗി. ഗുവാഹത്തി ഐഐടിയിൽ രണ്ടാം വർഷ എംടെക് വിദ്യാർത്ഥിയായ രോഹിത്തിനെ തേടി യൂബറിൽ നിന്നാണ് വമ്പൻ ഓഫർ വന്നിരിക്കുന്നത്. 2.05 കോടി രൂപയുടെ ജോലിയാണ് രോഹിത്തിന് കമ്പനി വാഗ്ദാനം ചെയ്‌തിരിക്കുന്നത്. പഠനം പൂർത്തിയാക്കാലുടനെ യൂബർ ഇന്റർനാഷണലിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയിൽ കയറാം. അടിസ്ഥാന ശമ്പളം 96 ലക്ഷം രൂപയാണെങ്കിലും അലവൻസെല്ലാം ചേർത്ത് 2.05 കോടി രൂപയോളം കിട്ടും.

ഒരു കർഷകന്റെ മകനെ സംബന്ധിച്ച് സ്വപ്‌നം കാണാൻ പോലും കഴിയാത്ത നേട്ടമാണിതെന്നാണ് രോഹിത് പറയുന്നത്. 'ഞാൻ ഒരു താഴ്ന്ന ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ കുടുംബത്തിന്റെ പ്രതിമാസ ചെലവ് 10,000 രൂപയിൽ താഴെയാണ്. എന്റെ അച്‌ഛൻ ഒരു കർഷകനാണ്, എന്റെ അമ്മ ഒരു വീട്ടമ്മയും,​ സഹോദരി ഒരു നഴ്സാണ്. 2.05 കോടിയുടെ പാക്കേജ് എന്റെ കുടുംബത്തിന് ലോകത്തിന് പുറത്തുള്ള ഒരു വികാരമാണ്. അവർ വളരെ സന്തോഷത്തിലാണ്, ' രോഹിത് പറഞ്ഞു.

യൂബർ ഇന്റർനാഷണൽ കമ്പനിയിലേക്ക് രോഹിത്തിനെ തിരഞ്ഞെടുത്തത് ക്യാമ്പസ് സെലക്ഷൻ വഴിയായിരുന്നു. രോഹിത് നേഗിയുടെ നേട്ടത്തിൽ മതിമറന്ന് സന്തോഷിക്കുകയാണ് നാട്ടുകാരും കൂട്ടുകാരും.