a-pradeep

ന്യൂഡൽഹി: കൂനൂരിലെ ഹെലികോപ്‌റ്റർ ദുരന്തത്തിൽ വീരചരമമടഞ്ഞ വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന്റെ സംസ്‌കാരം പൂർണ സൈനിക ബഹുമതികളോടെ തൃശൂർ പൊന്നൂക്കരയിലെ വീട്ടിൽ നടന്നു. വ്യോമസേനയും പൊലീസും ഗാർഡ് ഓഫ് ഓണർ നൽകി. പ്രദീപിന്റെ മകൻ ചിതയ്‌ക്ക് തീ കൊളുത്തി. വീട്ടിൽ നടന്ന പൊതുദർശനത്തിന് വൻ ജനപങ്കാളിത്തമാണുണ്ടായത്. നേരത്തെ പുത്തൂർ ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതിക ശരീരം കുടുംബ വീട്ടിലെത്തിച്ചത്.പ്രത്യേകം ക്രമീകരിച്ച സൈനിക വാഹനത്തിലാണ് ഭൗതിക ശരീരം എത്തിച്ചത്.

2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണിൽ ജൂനിയർ കേഡറ്റ് ഓഫീസർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറൽ ബിപിൻ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂർ വ്യോമത്താവളത്തിൽ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ്.