
വാഷിംഗ്ടൺ : മദ്ധ്യ യു.എസിൽ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി പേർ മരിച്ചതായി സൂചന. രാജ്യത്ത് പലയിടത്തും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് രൂപപ്പെട്ട ചുഴലികൾ യു.എസിലെ അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗരി, ടെന്നെസി തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ നാഷനശ്ടങ്ങൾ ഉണ്ടാക്കിയതായാണ് വിവരം. കനത്ത ചുഴലിക്കാറ്റിൽ തെക്ക് കിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ 50 പേരെങ്കിലും മരിച്ചതായി ഗവർണർ ആൻഡി ബെഷ്യറെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. നിലവിൽ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ 70-100 നും ഇടയിലാകാൻ ,സാദ്ധ്യതയുണ്ടെന്നും, ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ആൻഡി കൂട്ടിച്ചേർത്തു. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. അർകൻസസിൽ കൊടുങ്കാറ്റിനെ തുടർന്ന് രണ്ട് പേർ മരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ടെന്നസിയിൽ നിരവധി കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. സാംബെർഗിൽ ഏതാനും ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എഡ്‌വാർഡ്സ് വില്ലെയിലെ ആമസോൺ കമ്പനിയുടെ വെയർഹൗസ് തകർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൊടുങ്കാറ്റിനു പുറമേ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് അപകടങ്ങൾ പതിവായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് യു.എസിലെ 55 ദശലക്ഷത്തിലേറെ ആളുകളെ ബാധിക്കുമെന്നാണ് വിവരം.