lulu

 ഗുജറാത്ത് മുഖ്യമന്ത്രിക്ക് കേരളത്തിലേക്ക് ക്ഷണം

ദുബായ്: ഗുജറാത്തിലെ അഹമ്മദാബാദിൽ 2,000 കോടി രൂപ നിക്ഷേപത്തോടെ ലുലു ഗ്രൂപ്പ് ലുലുമാൾ നിർമ്മിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പും ഗുജറാത്ത് സർക്കാരും ഒപ്പുവച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ചർച്ച നടത്തി.

തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഗുജറാത്ത് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ്കുമാർ ഗുപ്‌തയും എം.എ. യൂസഫലിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ഷോപ്പിംഗ് മാൾ നിർമ്മിക്കാൻ എല്ലാ പിന്തുണയും ലുലു ഗ്രൂപ്പിന് നൽകുമെന്നും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി ഭൂപേന്ദ്ര പട്ടേലിനെ, എം.എ. യൂസഫലി കേരളത്തിലേക്ക് ക്ഷണിച്ചു. സന്ദർശിക്കാമെന്ന് അദ്ദേഹം യൂസഫലിക്ക് ഉറപ്പുംനൽകി. ജനുവരിയിൽ ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപകസംഗമത്തിൽ സംബന്ധിക്കാൻ യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു. ഏഴുപതുകളുടെ തുടക്കത്തിൽ തന്റെ കച്ചവടജീവിതം ആരംഭിച്ച ഗുജറാത്തുമായി വൈകാരികബന്ധമുണ്ടെന്ന് യൂസഫലി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറിയും മലയാളിയുമായ കെ. കൈലാസനാഥൻ, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്‌‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി, സി.ഒ.ഒ വി.ഐ. സലിം, ഗ്രൂപ്പ് ഡയറക്‌ടർമാരായ എ.വി. ആനന്ദ് റാം, എം.എ. സലിം തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

ഭക്ഷ്യസംസ്‌കരണ കേന്ദ്രവും

ലുലുമാൾ നിർമ്മിക്കുന്നതിന്റെ തുടർചർച്ചകൾക്കായി ലുലുഗ്രൂപ്പ് സംഘം ഉടൻ ഗുജറാത്തിലെത്തും. ബറോഡ, സൂറത്ത് എന്നിവിടങ്ങളിൽ ഭക്ഷ്യസംസ്‌കരണ, സംഭരണ കേന്ദ്രങ്ങളും ആരംഭിക്കും.

 ലുലുമാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തവർഷമാദ്യം ആരംഭിക്കും

 ഇതിനായി ലുലുഗ്രൂപ്പിന് 30 ഏക്കർ അനുവദിക്കും

 30 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുക ലക്ഷ്യം

 മാൾ പ്രവർത്തിക്കുന്നതോടെ 5,000 പേർക്ക് നേരിട്ടും 10,000ലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും