varun-singh

ന്യൂഡൽഹി : ചികിത്സയിൽ കഴിയുന്ന എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ ആരോഗ്യനില ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോവുകയാണെന്നും പക്ഷേ, അദ്ദേഹം പോരാളിയായതിനാൽ ഈ യുദ്ധത്തിലും വിജയിച്ച് മടങ്ങിയെത്തുമെന്നും പിതാവ് റിട്ട. കേണൽ കെ.പി.സിംഗ്.

ബംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.

വരുണിന്റെ ആരോഗ്യസ്ഥിതി എല്ലാ മണിക്കൂറിലും വിലയിരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മണിക്കൂറും നിരീക്ഷണത്തിന് വിധേയമാക്കുമ്പോൾ ആരോഗ്യസ്ഥിതിയിൽ ഉയർച്ചകളും താഴ്ചകളും പ്രകടമാക്കുന്നുണ്ട്. വരുൺ സുരക്ഷിതമായ കൈകളിലാണുള്ളത് - അദ്ദേഹം പറഞ്ഞു.

മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. അതിവിദഗ്ദ്ധരാണ് വരുണിനെ ചികിത്സിക്കുന്നത്. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും ഇവിടെയുണ്ട്. വരുണിനെ പരിചയമില്ലാത്തവരും സേനാംഗങ്ങളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ കാണാനെത്തിയതിൽ താൻ വികാരാധീനനാണ്. വളരെയേറെ സ്നേഹവും വാത്സല്യവും വരുണിന് ലഭിക്കുന്നുണ്ട് . ' അവൻ വിജയിച്ച് തിരിച്ചെത്തും. അവനൊരു പോരാളിയാണ്. തീർച്ചയായും അവൻ തിരിച്ചുവരും - അദ്ദേഹം കൂട്ടിച്ചേർത്തു.