
ശബരിമല: തീർത്ഥാടകർക്ക് പമ്പാ ത്രിവേണിയിൽ സ്നാനത്തിന് അനുമതി നൽകിയതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ശബരിമല അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. ത്രിവേണി മുതൽ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിന് ശേഷമുള്ള 170 മീറ്ററിലുമാണ് സ്നാനം അനുവദിക്കുക. നാല് പ്രവേശന കവാടങ്ങളുണ്ടാകും. ഇവയിലൂടെ മാത്രമേ നദിയിലേക്ക് ഇറങ്ങാൻ കഴിയൂ. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യമുണ്ടായാൽ സ്നാനം നിറുത്തിവയ്ക്കും.
പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നു. പുലർച്ചെ രണ്ടു മുതൽ രാത്രി എട്ടുവരെയാണ് തീർത്ഥാടകരെ കടത്തിവിടുക. നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. പാതയിൽ ഏഴ് എമർജൻസി മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കും.
തീർത്ഥാടകർക്ക് സന്നിധാനത്ത് ഇന്നലെ രാത്രി മുതൽ താമസിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. 500 മുറികൾ സജ്ജീകരിച്ചു. പന്ത്രണ്ട് മണിക്കൂർ വരെ മുറികളിൽ തങ്ങാം. സന്നിധാനത്ത് എത്തി മുറികൾ ബുക്കുചെയ്യാം. ശബരിമല എ.ഡി.എം അർജുൻപാണ്ഡ്യൻ, അഡിഷണൽ എസ്.പി എൻ. രാജൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
സന്നിധാനത്തേക്ക് ട്രാക്ടറുകളിൽ ചരക്കുനീക്കം
ഭീഷണിയല്ലെന്ന് ഉറപ്പാക്കണം: ഹൈക്കോടതി
കൊച്ചി: പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകൾ തീർത്ഥാടകർക്ക് ഭീഷണിയാകുന്നില്ലെന്ന് ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഒാഫീസർ, പത്തനംതിട്ട ഡിവൈ. എസ്.പി, സന്നിധാനത്തെയും പമ്പയിലെയും സി.ഐമാർ എന്നിവർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കച്ചവടക്കാർക്ക് സാധനങ്ങൾ കൊണ്ടുപോകാൻ രാത്രി 12മുതൽ പുലർച്ചെ മൂന്നുവരെ ട്രാക്ടർ ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യത്തിൽ ദേവസ്വം ബോർഡിന്റെ ചരക്കുനീക്കത്തിനായി ഉച്ചയ്ക്ക് 12മുതൽ വൈകിട്ട് മൂന്നുവരെ കാനനപാതയിൽ ട്രാക്ടർ ഉപയോഗിക്കാമെന്നും ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഈ നിർദ്ദേശം കർശനമായി പാലിക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കാനനപാതയിലൂടെ അശ്രദ്ധമായി ട്രാക്ടറുകൾ ഒാടിക്കുന്ന വിവരം ഒരു ഭക്തൻ അറിയിച്ചതിനെത്തുടർന്നാണ് ഡിവിഷൻബെഞ്ച് ഈ വിഷയം സ്വമേധയാ ഹർജിയായി പരിഗണിച്ചത്. പകൽസമയങ്ങളിൽ അടിയന്തര സാഹചര്യമുണ്ടെങ്കിൽ ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ അനുമതിയോടെ മാത്രമേ ട്രാക്ടറുകളിൽ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാവൂ. അധികൃതർ ഇതുറപ്പാക്കണം. തീർത്ഥാടർ, പൊലീസ് ഉദ്യോഗസ്ഥർ, ബോർഡിന്റെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ട്രാക്ടറുകളിൽ കയറ്റിക്കൊണ്ടുപോകരുത്. ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഡിസംബർ 13ന് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.