makal

മീരാജാസ്മിനെയും ജയറാമിനെയും നായികാനായകന്മാരാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മകൾ എന്ന് പേരിട്ടു. സത്യൻ അന്തിക്കാട് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായെങ്കിലും ഇതുവരെ പേരിട്ടില്ലേയെന്ന് പലരും ചോദിച്ചുതുടങ്ങിയെന്നും പൊതുവെ വൈകി പേരിടുന്നതാണ് തന്റെ പതിവെന്നും അത് മനപൂർവ്വമാണെന്നും ചിലരൊക്കെ പറയാറുണ്ടെന്നും മനസിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവമെന്നും അത് തെളിഞ്ഞുവരാൻ ഒരു സമയമുണ്ടെന്നും ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസിൽ തെളിഞ്ഞിരിക്കുന്നുവെന്നും സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് സത്യൻ അന്തിക്കാട് കുറിച്ചു. കുടുംബപുരാണവും കളിക്കളവും ഒരു ഇന്ത്യൻ പ്രണയകഥയുമുൾപ്പെടെയുള്ള സത്യൻ ചിത്രങ്ങൾ നിർമ്മിച്ച സെൻട്രൽ പ്രൊഡക്ഷൻസ് ഒരിടവേളയ്ക്കുശേഷം നിർമ്മാണരംഗത്തേക്ക് മടങ്ങിയെത്തുന്ന ഇൗ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. എസ്. കുമാറിന്റെതാണ് ഛായാഗ്രഹണം. ശ്രീനിവാസൻ, സിദ്ദിഖ്, ദേവികാ സഞ്ജയ്, ശ്രീധന്യ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.