
ബീജിംഗ് : ഉയ്ഗുർ വംശജർ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനയ്ക്കെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്തി യു.എസ്. പുതുതായി യു.എസ് കരിമ്പട്ടികയിൽ ഏർപ്പെടുത്തിയവരിൽ ചൈനയിലെ നിരവധി പ്രമുഖരായ വ്യക്തികളും പ്രമുഖ ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ സെൻസ് ടൈം ഗ്രൂപ്പും ഉൾപ്പെടുന്നു. ചൈനയെക്കൂടാതെ മ്യാൻമർ, ഉത്തരകൊറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേർക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യു.എസിന് പുറമെ കാനഡയും ബ്രിട്ടനും മ്യാൻമറിനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് സൈനിക അട്ടിമറിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സൈനിക ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ തുടർന്നാണ് നടപടി. അധികാരം ഉപയോഗിച്ച് രാജ്യത്തെ ജനങ്ങൾക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും, അവരെ അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത വച്ചു പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ജനാധിപത്യ രാജ്യങ്ങൾ ശബ്ദമുയർത്തുമെന്ന സന്ദേശമാണ് ഈ നടപടിയിലൂടെ നല്കാനുദ്ദേശിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചു. അതേ സമയം ഉപരോധത്തിനെതിരെ യു.എസിലെ ചൈനീസ് എംബസി രംഗത്തെത്തി. യു.എസിന്റെ നടപടി ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്ന ലംഘനവുമാണെന്ന് യു.എസിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പ്രതികരിച്ചു. ഉപരോധ തീരുമാനം യു.എസ് പുനപരിശോധിക്കണമെന്നും അല്ലെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുമെന്നും പെൻഗ്യു മുന്നറിയിപ്പ് നല്കി. എന്നാൽ യു.എസ് നടപടിയിൽ ഉത്തരകൊറിയ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം 100 ലധികം രാജ്യങ്ങളെ പങ്കെടുപ്പിച്ച് യു.എസ് നടത്തിയ ജനാധിപത്യ ഉച്ചകോടിക്കതിരെ രൂക്ഷ വിമർശനവുമായി ചൈന രംഗത്തെത്തി. ജനാധിപത്യത്തെ മറ്റു രാജ്യങ്ങളെ നിയന്ത്രിക്കാനും നശീകരണത്തിനുള്ള ആയുധമായി അമേരിക്ക ഉപയോഗിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 'പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ ഉയർത്തിക്കാട്ടി രാജ്യങ്ങളെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിന്' വേണ്ടിയാണ് യുഎസ് ഉച്ചകോടി സംഘടിപ്പിച്ചതെന്നും ചൈന ആരോപിച്ചു. യു.എസ് ജനാധിപത്യം അഴിമതി നിറഞ്ഞതും പരാജയവുമാണെന്ന് ചൈന കുറ്റപ്പെടുത്തി. ജോ ബൈഡന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചകോടിയിലേക്ക് ചൈനയ്ക്കും റഷ്യക്കും ക്ഷണമുണ്ടായിരുന്നില്ല.