മട്ടന്നൂർ(കണ്ണൂർ): മട്ടന്നൂർ -ഇരിട്ടി റോഡിൽ ഇന്നലെ പുലർച്ചെ 4.45 ഓടെ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ലോറി ഡ്രൈവർ ഇരിട്ടി വിളമന കുന്നോംച്ചാൽ പുന്നത്താനത്ത് വീട്ടിൽ അജിയെന്ന പി.വി. അരുൺ വിജയൻ (38), ലോഡിംഗ് തൊഴിലാളി വിളമന അമ്പലത്തട്ടിലെ ഞാലിയ മാർക്കിൾ എൻ.എം. രവീന്ദ്രൻ (53) എന്നിവരാണ് മരിച്ചത്. ഇരിട്ടി കുന്നോത്ത് നിന്നും ചെങ്കല്ലുമായി വടകരയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
മട്ടന്നൂർ പെട്രോൾ പമ്പ് കഴിഞ്ഞ ഉടൻ നിയന്ത്രണം വിട്ട ലോറി ഹാപ്പിവെഡിംഗിന്റെ മുൻവശത്തെ ഭിത്തിയിലിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേക്ക് പോകുന്ന റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ ക്യാബിനിലേക്ക് ലോറിയിലെ ചെങ്കല്ല് വീണതിനാൽ ഇരുവരെയും പുറത്തെത്തിക്കാൻ നാട്ടുകാർക്കായില്ല. മട്ടന്നൂരിൽ നിന്ന് എത്തിയ അഗ്നിശമനസേന ക്രെയിൻ ഉപയോഗിച്ച് ക്യാബിൻ മുറിച്ചുമാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ മട്ടന്നൂർ എച്ച്.എൻ.സി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
വിജയൻ - സുലോചന ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: ശാരി . മകൾ : സ്വാതിക . ഗോപാലൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ് രവീന്ദ്രൻ. ഭാര്യ: ഗീത. മക്കൾ: സൂരജ് , സുരഭി .