
ആലപ്പുഴ: സി.പി.എം ബ്രാഞ്ചംഗം തോട്ടപ്പള്ളി പൊരിയോന്റെ പറമ്പിൽ കെ. സജീവനെ കാണാതായ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിവരാവകാശ പ്രവർത്തകൻ അഡ്വ. എസ്. ജ്യോതികുമാർ. സെപ്തംബർ 29ന് സജീവനെ കാണാതായെന്നാണ് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്.
ഇതേ ദിവസം സജീവന്റെ പേരിൽ അമ്പലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന1897/1/2021-ാം നമ്പർ വിലയാധാരത്തിലാണ് സജീവന്റെ ഫോട്ടോയും വിരലടയാളവും പതിച്ചതായി വിവരാവകാശ രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്. പുറക്കാട് വില്ലേജ് തോട്ടപ്പള്ളി മുറിയിൽ ബ്ളോക്ക് 21ൽ റീസർവേ 314/3/3ൽ പെട്ട 2.35 ആഴ്സ് (അഞ്ചരസെന്റ്) വസ്തു മൂന്നുലക്ഷം രൂപയ്ക്ക് വാങ്ങിയതായാണ് രേഖകളിലുള്ളത്. എന്നാൽ അന്നേ ദിവസം സജീവൻ സബ് രജിസ്ട്രർ ഓഫീസിൽ എത്തിയിരുന്നില്ലെന്നാണ് സൂചന.
എന്നാൽ ആധാരത്തിൽ സജീവന്റെ വിരലടയാളവും ഫോട്ടോയും പതിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരുഹതയുള്ളതിനാൽ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് ചീഫ് എന്നിവർക്ക് അഡ്വ. എസ്. ജ്യോതികുമാർ നിവേദനം നൽകി.