
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര സൂപ്പർ താരം റിതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. മറുപടിക്കിറങ്ങിയ കേരളം ഒരു ഘട്ടത്തിൽ തകർച്ച നേരിട്ടെങ്കിലും വിഷ്ണുവിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 7പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു 294/6. എലൈറ്റ്് ഗ്രൂപ്പ് ഡിയിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. മദ്ധ്യപ്രദേശിന് പിന്നിൽ രണ്ടാം സ്ഥാനത്താണിപ്പോൾ കേരളം.
മഹാരാഷ്ട്ര ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം ഒരുഘട്ടത്തിൽ 35/4 എന്ന നിലയിൽ വൻതകർച്ച നേരിട്ടിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ സഞ്ജു സാംസണും (42), ജലജ് സക്സേനയും (44) ചേർന്നാണ് കേരളത്തെ 100 കടത്തിയത്. എന്നാൽ ഇരുവരും അടുത്തടുത്ത് പുറത്തായതോടെ 120/6 എന്ന നിലയിൽ വീണ്ടും പ്രതിസന്ധിയിൽ ആയി കേരളം. അവിടെ വച്ച് ക്രീസിൽ ഒന്നിച്ച വിഷ്ണു വിനോദും (82പന്തിൽ 100) സിജോമോൻ ജോസഫും ( 70 പന്തിൽ 71) ചേർന്ന് ത്രില്ലർ പ്രകടനവുമായി കേരളത്തെ വിജയ തീരത്തെത്തിക്കുകയായിരുന്നു. മഹാരാഷ്ട്ര ബൗളർമാർക്ക് മേൽ ആധിപത്യം നേടിയ ഇരുവരും തകർക്കപ്പെടാത്ത ഏഴാം വിക്കറ്റിൽ 141 പന്തിൽ 174 റൺസ് അടിച്ചു കൂട്ടിയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 8 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് വിഷ്ണു വിനോദിന്റെ ഇന്നിംഗ്സ്. സിജോമോൻ 2 ഫോറും 4 സിക്സും നേടി. നേരത്തേ തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി സ്വന്തമാക്കിയ ക്യാപ്ടൻ റിതുരാജ് ഗെയ്ക്വാദാണ് (129 പന്തിൽ 124, 9 ഫോർ,3 സിക്സ് ) മഹാരാഷ്ട്രയെ 291ൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 9 ഫോറും 3 സിക്സും റിതുരാജ് നേടി. സെഞ്ച്വറിക്ക് ഒരുറൺസകലെ പുറത്തായ രാഹുൽ ത്രിപാതിയും (108 പന്തിൽ 99) മഹാരാഷ്ട്രയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. കേരളത്തിനായി നിതീഷ് എം.ഡി 5വിക്കറ്റ് വീഴ്ത്തി.