k-sudhakaran-

തിരുവനന്തപുരം: മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മതവെറി കോൺഗ്രസുകാരോട് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. മോഫിയ പർവീൺ കേസിൽ സമരം ചെയ്തവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന പൊലീസ് പരാമർശത്തിനെതിരെയായിരുന്നു കെ. സുധാകരൻ ഫേ,സ്‌ബുക്ക് പോസ്റ്റിൽ പ്രതികരിച്ചത്. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.

നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത സമരത്തില്‍ അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശം. പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്നായിരുന്നു പരാമർശം.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആലുവയിലെ യൂത്ത് കോൺഗ്രസ്‌, കെ എസ് യു നേതാക്കളുടെ പേരു കണ്ട് അവർക്ക് തീവ്രവാദി ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിവെച്ച പോലീസ് ഉദ്യോഗസ്ഥരോട്,

"മുസ്ലിം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന നിൻ്റെയൊക്കെ മതവെറി, ഞങ്ങൾ കോൺഗ്രസ്സുകാരോട് വേണ്ട.

ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങൾക്ക് ശമ്പളം തരുന്നത് ആർഎസ്എസിന്റെ നാഗ്പൂർ കാര്യാലയത്തിൽ നിന്നുമല്ല.

നിങ്ങൾ തിരുത്തും.

ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കും!