
കോട്ടയം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് 48 ലക്ഷം രൂപയിലേറെ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷമീം (33) ആണ് അറസ്റ്റിലായത്. ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ പേരുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ടിക്കറ്റ് ക്ലാർക്ക്, ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞ ദിവസം കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിനു നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ തിരുവന്തപുരത്ത് നിന്ന് പിടിയിലായത്.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒ.എം.ആർ ഷീറ്റുകൾ, മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾ, വിവിധ സീലുകൾ, നിയമന ഉത്തരവുകൾ, സ്ഥലംമാറ്റ ഉത്തരവുകൾ എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചീഫ് എക്സാമിനർ, ചീഫ് ഇൻസ്പെക്ടർ തുടങ്ങിയ പദവികളിലുള്ള ഐഡന്റിറ്റി കാർഡുകളും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഉദ്യോഗാർത്ഥികളെ കൊണ്ടുപോയി ഇയാൾ വ്യാജ മെഡിക്കൽ ടെസ്റ്റും ഒ.എം.ആർ പരീക്ഷയും മറ്റും നടത്തുകയും ചെയ്തു.
നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുൽത്താൻ ബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇതിനുമുൻപ് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ്. നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് 37 കിലോ സ്വർണം കടത്തിയ കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ട്രെയിനിൽ പാന്റ്രി കാറിൽ ജോലിക്കാരനായിരുന്ന സമയത്ത് ട്രെയിൻ ടിക്കറ്റ് എക്സാമിനറുടെ വേഷം ധരിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്.