
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്റ്റേഷനിൽ ലഭിച്ച ഇ - മെയിൽ പരാതിയിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കുന്ന വിധം പ്രസംഗിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു പ്രസംഗത്തിലെ പരാമർശം.
പ്രസംഗം വിവാദമാവുകയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാവുകയും ചെയ്തതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നായിരുന്നു വിശദീകരണം.
മുസ്ളിംലീഗ് റാലിക്കെതിരെ
പൊലീസ് കേസ്
കോഴിക്കോട്: മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വഖഫ് സംരക്ഷണ റാലിക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ലീഗ് നേതാക്കൾക്കും കണ്ടാലറിയുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കേസ്. അതെസമയം പൊലീസ് കേസിനെതിരെ യൂത്ത് ലീഗ് ശക്തമായി പ്രതികരിച്ചു. ' കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ് ' എന്നായിരുന്നു സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ പ്രതികരണം.