
ആലുവ: ശീതളപാനിയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കേസൊഴിവാക്കാൻ രജിസ്റ്റർ വിവാഹംചെയ്ത് മുങ്ങിയ കേസിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ യുവതി നൽകിയ പരാതിയിൽ ഭർത്താവ് താമസസൗകര്യമൊരുക്കണമെന്ന് ഉത്തരവ്.
കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയക്കെതിരെ ഭാര്യ കായംകുളം സ്വദേശിനിയാണ് പരാതി നൽകിയത്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ആനി ജോൺ വർഗീസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവിനൊപ്പം നേരത്തെ വാടകയ്ക്ക് താമസിക്കുന്നതിനെടുത്ത വീടിന്റെ അതേനിലവാരമുള്ള സൗകര്യമാണ് താമസത്തിന് നൽകേണ്ടത്. ഇതിനാവശ്യമായ പണം ഭർത്താവ് വഹിക്കണമെന്നുമാണ് ഉത്തരവ്.
ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന് നേരത്തെ കോടതി നൽകിയ ഉത്തരവുമായി യുവതിയെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവ് ബംഗളൂരുവിലുമായിരുന്നു. ഈ സാഹചര്യത്തിൽ യുവതി വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇന്നലെ നടന്ന വിചാരണയിൽ ഭർത്താവ് ഓൺലൈനായി ഹാജരായി. ഭർതൃപിതാവ് നേരിട്ടും കോടതിയിലെത്തി. തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അനാഥയായ യുവതി പ്ലസ് ടു കഴിഞ്ഞതോടെയാണ് ജോലിതേടി കൊച്ചിയിലെത്തിയത്. ഓൺലൈൻ ഡെലിവറി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഓസ്വിൻ സൗഹൃദം നടിച്ച് കൂടെക്കൂടി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രജിസ്റ്റർ വിവാഹംചെയ്തു. തുടർന്ന് എടത്തലയിൽ വാടക താമസിക്കുകയായിരുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്ത ഭർത്താവ് പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. പിന്നീട് കലൂരിലെ വീട്ടിലേക്ക് താമസംമാറ്റാമെന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടയിൽ ഇടപ്പള്ളിയിൽ ഉപേക്ഷിച്ച് ഓസ്വിൻ മുങ്ങിയതിനെതിരെ എടത്തല പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ പൊലീസ് ശക്തമായ കേസെടുത്തില്ല. തുടർന്നാണ് ആലുവ കോടതിയെ സമീപിച്ചത്.