
പൊക്‌റാൻ: കിലോമീറ്ററുകൾ അകലെയുളള ശത്രുക്കളുടെ താവളം കണ്ടെത്തി തകർക്കാൻ കഴിയുന്ന സ്‌റ്റാന്റ് ഓഫ് ആന്റി ടാങ്ക് (എസ്എഎൻടി) മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. രാജ്യത്തെ പ്രതിരോധ മേഖലയിൽ വലിയൊരു വിജയമാണ് ഈ മിസൈൽ പരീക്ഷണം. 10 കിലോമീറ്റർ അകലെവരെയുളള ലക്ഷ്യസ്ഥാനങ്ങൾ മിസൈലിന് തകർക്കാനാകും. ഇതോടെ അതിർത്തികളിൽ നിരന്തരം പ്രകോപനം സൃഷ്‌ടിക്കുന്ന പാകിസ്ഥാനും ചൈനയ്‌ക്കും വലിയ ഭീഷണിയാകുകയാണ് ഇന്ത്യയുടെ ആയുധങ്ങൾ.
ഡിആർഡിഒയും വായുസേനയും ചേർന്നാണ് മിസൈൽ പരീക്ഷണം നടത്തിയത്. പൊക്‌റാനിൽ ഹെലികോപ്‌റ്ററിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിക്കാൻ മിസൈലിനായി. അത്യുഗ്രൻ പ്രഹരശേഷിയുളളതാണ് മിസൈൽ. ഹൈദരാബാദിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഇമാരത്തും ഡിആർഡിഒയും സഹകരണത്തോടെയാണ് മിസൈൽ നിർമ്മിച്ചത്. സമീപകാലത്തായി ഇത്തരത്തിൽ പരീക്ഷിക്കുന്ന മൂന്നാമത് ആയുധമാണിത്.
പരീക്ഷണം നടത്തിയ സംഘത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. തദ്ദേശീയമായിത്തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുളള ഇന്ത്യൻ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതാണ് ഇന്നത്തെ പരീക്ഷണമെന്ന് ഡിആർഡിഒ ചെയർമാൻ ജി.സതീഷ് റെഡ്ഡി പ്രതികരിച്ചു.
Indigenously designed and developed Helicopter launched Stand-off Anti-tank (SANT) Missile was successfully flight tested from Pokhran ranges.https://t.co/y5nvAdPISy pic.twitter.com/k3yTDOaZqG— DRDO (@DRDO_India) December 11, 2021