
ആഷസ്: ആദ്യ ടെസ്റ്രിൽ ആസ്ട്രേലിയയ്ക്ക് വിജയം
ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് കീഴടക്കി
ബ്രിസ്ബേൺ: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ 9 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. തങ്ങളുടെ പ്രിയപ്പെട്ട മൈതാനമായ ഗാബയിൽ ടെസ്റ്റിന്റെ നാലംദിനമായ ഇന്നലെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 297 റൺസിന് പുറത്താക്കിയ ആസ്ട്രേലിയ വിജയലക്ഷ്യമായ 20 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടി ഒരു ദിവസം ശേഷിക്കെ തന്നെ ജയിച്ചുകയറുകയായിരുന്നു.
4 വിക്കറ്റ് സ്വന്തമാക്കിയ സ്പിന്നർ നാഥാൻ ലിയോണാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ വലിയ അപകടം ഉണ്ടാക്കിയത്. ടെസ്റ്റിൽ ആസ്ട്രേലിയയ്ക്കായി 400 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ലിയോൺ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 147/10, 297/10, ആസ്ട്രേലിയ: 425/10, 20/1
220/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് പക്ഷേ 77 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്നലെ ബാക്കി 8 വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു.മൂന്നാം ദിനം ഓസീസ് ബൗളർമാരെ സമർത്ഥമായി നേരിട്ട ജോറൂട്ട് - ഡേവിഡ് മലൻ സഖ്യത്തിന്റെ കൂട്ടുകെട്ട് രാവിലെ തന്നെ പൊളിച്ച് ലിയോൺ ആസ്ട്രേലിയയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു. ഇന്നലത്തെ ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നാലാമത്തെ ഓവറിൽ മലനെ (82) ലബുഷ്ചാംഗയുടെ കൈയിൽ എത്തിച്ചാണ് ലിയോൺ ആദ്യ വെടിപൊട്ടിച്ചത്. 162 റൺസിന്റെ കൂട്ടുകെട്ടാണ് മലനും റൂട്ടും മൂന്നാം വിക്കറ്റിൽ ഉണ്ടാക്കിയത്. അധികം വൈകാതെ ക്യാപ്ടൻ ജോ റൂട്ടിനെ (89) ഗ്രീൻ വിക്കറ്റ് കീപ്പർ കാരേയുടെ കൈയിൽ എത്തിച്ചതോടെ ഇംഗ്ലണ്ടിന്റെ പതനം തുടങ്ങുകയായിരുന്നു.പിന്നീട് സ്റ്റോക്സ് (14), ഒലി പോപ്പ് (4), ജോസ് ബട്ട്ലർ (23), ക്രിസ് വോക്സ് (16),റോബിൻസൺ (8), മാർക്ക് വുഡ് (6) എന്നിവർ വലിയ ചെറുത്തു നിൽപ്പില്ലാതെ മടങ്ങിയപ്പോൾ 297 റൺസിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. നായകൻ പാറ്റ് കമ്മിൻസും കാമറൂൺ ഗ്രീനും രണ്ട് വിക്കറ്റ് വീതം നേടി ലിയോണൊപ്പം ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങി.20 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയയ്ക്ക് അലക്സ് കാരെയുടെ (9) വിക്കറ്റ് മാത്രമാണ് നഷ്ടമായത്.മാർകസ് ഹാരിസ് (9), ലബുഷ്ചാംഗെ (0) എന്നിവർ പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് പിഴയും പോയിന്റ് നഷ്ടവും
തോൽവിക്ക് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഒന്നാം ആഷസ് ടെസ്റ്രിലെ മുഴുവൻ മാച്ച് ഫീസും പിഴയായി ഒടുക്കേണ്ടിവരും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവർക്ക് 5 പോയിന്റ് നഷ്ടമാകുമെന്നും ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു.
കാരെയ്ക്ക് റെക്കാഡ്
അരങ്ങേറ്ര ടെസ്റ്റിൽ ഏറ്രവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കാഡ് ആസ്ട്രേലിയയുടെ അലക്സ് കാരെ സ്വന്തമാക്കി. ഒന്നാം ആഷസ് ടെസ്റ്രിൽ 8 ക്യാച്ചുകളെടുത്ത കാരെ ഇന്ത്യയുടെ റിഷഭ് പന്ത്, ക്രിസ് റീഡ്, ബ്രയൻ ടാബെർ, ചമര ധുനുസിംഗെ, പീറ്റർ നെവിൽ, അലൻ ക്നോട്ട് എന്നിവരുടെ 7 ക്യാച്ചുകൾ എന്ന റെക്കാഡാണ് തകർത്തത്.