fdfgtgft

ഒട്ടാവ : 2014 ൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനം തകർന്ന സ്ഥലം കണ്ടെത്തിയതായി അവകാശപ്പെട്ട് ബ്രിട്ടിഷ് എയറോനോട്ടിക്കൽ എൻജിനീയർ റിച്ചാർഡ് ഗോഡ്‌ഫ്രെ. 239 യാത്രക്കാരും ജീവനക്കാരുമായി 2014 മാർച്ചിൽ പറന്നുയർന്ന വിമാനം അപ്രതീക്ഷിതമായി റഡാർ സിഗ്നലിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ വിമാനത്തിനെന്ത് സംഭവിച്ചുവെന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കുമ്പോഴാണ്, വിമാനം തകർന്നു വീണത് എവിടെയാണെന്ന് കണ്ടെത്തിയെന്ന് ഗോഡ്‌ഫ്രെ അവകാശപ്പെടുന്നത്. വ്യത്യസ്ത ഡേറ്റാ സെറ്റുകൾ ഉപയോഗിച്ച് നടത്തിയ പഠനപ്രകാരം പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാനം തകർന്നു വീണുവെന്നാണ് ഗോഡ്‌ഫ്രെയുടെ വാദം. കൃത്യമായി പറഞ്ഞാൽ , ഇന്ത്യൻ മഹാസമുദ്രത്തിൽ ഏകദേശം 33 ഡിഗ്രി തെക്കും 95 ഡിഗ്രി കിഴക്കുമാണ് വിമാനം തകർന്നു വീണതെന്ന് ഗോഡ്ഫ്രെ കണക്കു കൂട്ടുന്നു.

നേരത്തെ, ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370 ന് വേണ്ടി രണ്ട് തവണ ലക്ഷക്കണക്കിന് ഡോളർ ചിലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ മുൻകാല അന്വേഷണങ്ങളെ അപേക്ഷിച്ച് പുതിയ കണ്ടെത്തലിലെ സ്ഥലം കുറച്ചു കൂടി ചെറിയ മേഖലയായതിനാൽ തിരച്ചിൽ കൂടുതൽ എളുപ്പമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിനടിയിൽ 4,000 മീറ്റർ താഴ്ചയിൽ വരെയാകാമെന്നാണ് നിഗമനം.

ഗോഡ്‌ഫ്രെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 40 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മറ്റൊരു തിരച്ചിലിനുള്ള നിർദ്ദേശം നൽകിയതായാണ് വിവരം.

മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370

മലേഷ്യയിലെ കൊലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്ക് സർവീസ് നടത്തുന്ന മലേഷ്യ എയർലൈൻസിന്റെ വിമാനമാണ് മലേഷ്യ എയർലൈൻസ് ഫ്‌ളൈറ്റ് 370. 2014. മാർച്ച് 8 ന് കോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 239 യാത്രക്കാരും ജീവനക്കാരുമായി പറന്നുയർന്ന വിമാനവുമായി ഒരു മണിക്കൂറിനുശേഷം എല്ലാ ആശയവിനിമയവും തടസപ്പെടുകയും വിമാനം കാണാതായതായി സ്ഥിരീകരിക്കുകയും ചെയ്തു. കാലാവസ്ഥ പൊതുവേ ശാന്തമായിരുന്നതും എന്തെങ്കിലും പ്രശ്നമുണ്ടെന്ന സൂചനകളൊന്നും വിമാനത്തിൽ നിന്ന് കൺട്രോൾ കേന്ദ്രങ്ങളിൽ ലഭിക്കാതിരുന്നതും ദുരൂഹത വർദ്ധിപ്പിച്ചു. കാണാതായ വടക്കു കിഴക്കുള്ള ബെയ്ജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യൻ അർധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞും പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമായി. ഒടുവിൽ വിമാനം അതിവേഗത്തിൽ താഴേക്കു പോകുന്ന ദൃശ്യങ്ങൾ ലഭ്യമായെങ്കിലും പിന്നീട് വിമാനത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. വിവിധ ലോക രാജ്യങ്ങളും അന്തരാഷ്ട്ര ഏജൻസികളും വിമാനത്തിനായി തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. 2015 ജൂലായിൽ മഡഗാസ്‌കർ ദ്വീപിന് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 2017 വിമാനം തകർന്നുവീണെന്ന് കരുതുന്ന പ്രദേശത്ത് നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതോടെ ദൗത്യം അവസാനിപ്പിക്കുന്നതായി ആസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ചു.