
ടോക്യോ: കൊവിഡ് വൈറസ് വ്യാപനം ആരംഭിച്ച് 2 വർഷം പിന്നിടുമ്പോഴും വൈറസിന്റെ പുതിക വകഭേദങ്ങൾ ലോകരാജ്യങ്ങളിൽ വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വൈറസിനെ ചെറുക്കാൻ മാസ്കുകൾ, വാക്സിനുകൾ എന്നിവയെല്ലാം ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ തരം മാസ്കുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ. പടിഞ്ഞാറൻ ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്സിറ്റിയിലെ യസുഹിറോ സുകാമോട്ടോയും സംഘവും വികസിപ്പിച്ച മാസ്ക്, ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി അടങ്ങിയവയാണ്. പ്രത്യേക ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഈ മാസ്കിന്റെ ഫലപ്രാപ്തി തെളിയിക്കാനായെന്നും ഗവേഷകർ അവകാശപ്പെട്ടു. ഒട്ടകപ്പക്ഷിയുടെ ആന്റിബോഡികൾ പൊതിഞ്ഞ മാസ്‌കുകൾ ധരിച്ച് എട്ട് മണിക്കൂർ കഴിഞ്ഞ ശേഷം ഫിൽട്ടറുകൾ നീക്കം ചെയ്ത മാസ്‌കുകൾ ഫ്ളൂറസെന്റ് ലൈറ്റുകളുടെ നേരേ പിടിക്കുക. ഇങ്ങനെ പിടിക്കുമ്പോൾ മാസ്കിൽ കൊവിഡ് വൈറസുണ്ടെങ്കിൽ ഇതിൽ പ്രത്യേക പാച്ചുകൾ ദൃശ്യമാകും. ഈ മാസ്‌ക് വികസിപ്പിച്ച ഗവേഷക സംഘത്തിന്റെ തലവനായ സുകാമോട്ടോയും താൻ കൊവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞത് ഈ മാസ്കിലൂടെയാണെന്ന് അവകാശപ്പെട്ടു. താൻ ധരിച്ചിരുന്ന ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി അടങ്ങിയ മാസ്‌കിൽ പ്രത്യേക പാച്ചുകൾ കണ്ടെത്തിയിരുന്നു. ഇതിലൂടെ വൈറസ് ബാധിതനാണെന്ന് മനസിലായി. പിന്നീട് സാധാരണ കൊവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചതായി സുകാമോട്ടോ പറഞ്ഞു.
കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഒട്ടകപ്പക്ഷികൾക്ക് ശേഷിയുണ്ടെന്ന് മുൻപ് പല ഗവേഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്.