maradona-watch

ഗുവാഹത്തി: അന്തരിച്ച ഇതിഹാസ ഫുട്ബാളർ ഡിയാഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസാമിൽ കണ്ടെത്തി.സംഭവത്തിൽ അസമിലെ ശിവസാഗർ ജില്ലക്കാരനായ വാസിദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വെളുപ്പിന് നാലരയോടെ സ്വവസതിയിൽ നിന്നാണ് വാസിദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വാച്ചും കണ്ടെടുത്തു. ദുബായ് പൊലീസിന്റെ സഹായത്തോടെ അസം പൊലീസാണ് 20 ലക്ഷം രൂപ വിലയുള്ള ലിമിറ്രഡ് എഡിഷൻ ഹുബ്ലോട്ട് വാച്ചും മോഷ്ടിച്ചയാളെയും കണ്ടെത്തിയത്. ദുബായ് പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ തെരച്ചിൽ.

മറഡോണ ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിക്കുന്ന ദുബായിലെ കമ്പനിയിലെ സുരക്ഷാ ഗാർഡായിരുന്നു വാസിദ്. അവിടെ നിന്ന് മറഡോണയുടെ ഒപ്പുള്ള ആഡംബരവാച്ച് ഇയാൾ മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഇയാൾ അസമിൽ തിരിച്ചെത്തിയിരുന്നു.