
ജിദ്ദ: തബ്‌ലീഗ് ജമാഅത്ത് സംഘടനയ്‌ക്ക് നിരോധനം ഏർപ്പെടുത്തി സൗദി സർക്കാർ. അപകടകരമായ പ്രവർത്തനമാണ് സംഘടന രാജ്യത്ത് നടത്തുന്നതെന്ന് കണ്ടെത്തിയതിനാലും സംഘടനയുടെ സ്ഥാപകകാലത്തെ ആശയത്തിൽ നിന്നും വ്യതിചലിച്ചാണ് ഇപ്പോൾ പ്രവർത്തനം എന്നും കണ്ടെത്തിയതിനാലാണ് നടപടി.
സൗദി ഇസ്ളാമിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പളളികളിൽ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും സംഘടനയുടെ പ്രവർത്തനത്തിലെ പിഴകൾ ജനങ്ങളോട് വിശദീകരിക്കാനുമാണ് അറിയിപ്പ്. ഇസ്ളാമിക കാര്യ മന്ത്രി ഡോ.അബ്‌ദുൾ ലത്തീഫ് ബിൻ അബ്‌ദുൾ അസീസ് അൽ ഷെയ്‌ക് ആണ് മതകാര്യ ഓഫീസുകളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതോടെ സൗദിയിൽ നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലായി തബ്‌ലീഗ് ജമാഅത്ത്. അൽ അഹ്ബാബ് എന്ന പേരിൽ സൗദിയിൽ പ്രവർത്തിക്കുന്ന തബ്‌ലീഗ് ജമാഅത്ത് 1927ൽ ഇന്ത്യയിൽ രൂപംകൊണ്ട സംഘടനയാണ്. ആത്മീയപ്രചാരണമാണ് ജമാഅത്ത് അറബ് രാജ്യങ്ങളിൽ നടത്തിവന്നിരുന്നത്.