
ലണ്ടൻ : യുക്രെയ്‌നെതിരെ റഷ്യ സൈനിക നടപടിക്ക് തുനിഞ്ഞാൽ സാമ്പത്തിക ഉപരോധമുൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി ബ്രിട്ടൻ.'യുക്രെയ്‌നെ ബാധിക്കുന്ന നടപടികളിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ യുകെയും മറ്റ് രാജ്യങ്ങളും ശ്രമിക്കുമെന്ന് യു.കെ വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ലിവർപൂളിൽ നടക്കാൻ പോകുന്ന ജി 7 വിദേശ മന്ത്രിമാരുടെ ഉച്ചകോടിയിൽ ഒരുമയുടെ കരുത്ത് എന്താണെന്ന് ലോകരാജ്യങ്ങൾക്ക് കാട്ടിക്കൊടുക്കുമെന്നും ലിസ് ട്രസ് കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനും റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് യുക്രെയ്ൻ. യുക്രെയ്ൻ അതിർത്തി പ്രദേശങ്ങളിൽ സൈനിക സാന്നിദ്ധ്യം റഷ്യ വർദ്ധിപ്പിക്കുന്നത് ആക്രമണത്തിനാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെതിരെ റഷ്യക്ക് യു.എസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നാൽ യുക്രെയ്നെ ആക്രമിക്കാൻ പദ്ധതിയില്ലെന്നും ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണെന്നുമാണ് റഷ്യയുടെ വാദം.