
തിരുവനന്തപുരം: പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രഞ്ജിത്ത് എന്നയാളാണ് പിടിയിലായത്. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ്(35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തിയ സംഘം വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. ശേഷം ഇടതുകാൽ വെട്ടിയെടുത്ത്, ബൈക്കിൽ അര കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി.
ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്.