
ന്യൂഡൽഹി:തമിഴ്നാട്ടിലെ കൂനൂരിൽ ഉണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരണമടഞ്ഞ നാലു പേരുടെ ഡി എൻ എ പരിശോധന കൂടി പൂർത്തിയായതോടെ അപകടത്തിൽ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ട ലാൻസ് നായിക് സായി തേജയുടെ സംസ്കാരം ജന്മനാടായ ആന്ധ്രയിലെ ചിറ്റൂർ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിൽ നടക്കും. ഡി എൻ എ പരിശോധന പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം ബംഗളൂരുവിൽ എത്തിച്ചിരുന്നു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ മൃതദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിച്ചു. വൈകിട്ട് നാലുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിംഗിന്റെ നിലയിൽ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ വ്യതിയാനമുണ്ടാകുന്നത് പരിഭ്രാന്തിയുളവാക്കുന്നു. ബംഗളൂരുവിലെ വ്യോമയാന കമാൻഡ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ അദ്ദേഹം.
അപകടത്തിൽ മരിച്ച നാലുപേരുടെ മൃതദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും. മലയാളിയായ വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജന്മനാടായ തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചിരുന്നു.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ പതിമൂന്ന് പേർ കൊല്ലപ്പെട്ട കോപ്ടർ ദുരന്തത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറാകും. ബ്ളാക്ക് ബോക്സ് ഉൾപ്പടെ പരിശോധിക്കാൻ നടപടി സ്വീകരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ, ഇറക്കുന്നതിലെ പിഴവ്, പൊട്ടിത്തെറി എന്നിവ സംബന്ധിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്.